ആലപ്പുഴ:കെ.കെ. മഹേശന്റെ ആത്മഹത്യയുടെ പേരിൽ എസ്.എൻ.ഡി.പി യോഗത്തെയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയവും പ്രതിഷേധാർഹമാണെന്നും ഇതിനെ ശക്തമായി ചെറുക്കുമെന്നും എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക യൂണിയൻ മാവേലിക്കര മേഖലാ ഭാരവാഹികളുടെ യോഗം വ്യക്തമാക്കി. യോഗത്തെ തകർക്കാനും തളർത്താനും പിളർത്താനും കഴിയുമെന്നത് കേവലം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും സംയുക്ത പ്രവർത്തകയോഗം ചൂണ്ടിക്കാട്ടി.
ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിച്ച കാലഘട്ടത്തിൽ തന്റെ ചുമതലയിലുള്ള സ്‌കൂളിൽ നടത്തിയ നിരവധി നിയമനങ്ങളുമായി ബന്ധപ്പെട്ട തിരിമറി കാണിച്ച മഹേശനെതിരെ ചേർത്തല യൂണിയൻ അന്വേഷണം നടത്തുകയും വിശദീകരണ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ യോഗം ജനറൽ സെക്രട്ടറിയെ യൂണിയൻ ധരിപ്പിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടക്കുകയായിരുന്നു. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി എന്ന നിലയിൽ മൈക്രോഫിനാൻസ് പദ്ധതികളിൽ ലക്ഷക്കണക്കിന് രൂപയുടെ ബാദ്ധ്യത വിവിധ ബാങ്കുകളിൽ വരുത്തിയതായി യൂണിയൻ പ്രവർത്തകർ മനസിലാക്കിയിരുന്നു. മാവേലിക്കര, ചെങ്ങന്നൂർ യൂണിയനുകളിലെ മൈക്രോഫിനാൻസ് ക്രമക്കേടുകൾ സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മൈക്രോഫിനാൻസ് കോ ഓർഡിനേറ്റർ എന്ന നിലയിൽ മഹേശനെ ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസം വരുമ്പോൾ സമ്പാദിച്ച സ്വത്ത് സംബന്ധിച്ച വിശദവിവരങ്ങൾ ഹാജരാക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് മനസിലാക്കിയ മഹേശൻ ഇക്കാര്യത്തിൽ പലരെയും തെറ്റിദ്ധരിച്ചു. സത്യം ഇതായിരിക്കെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അപകീർത്തിപ്പെടുത്താനും ഒറ്റതിരിഞ്ഞ് ആക്രമിക്കാനുമുള്ള യോഗവിരുദ്ധ ശക്തികളുടെ നീക്കത്തെ തിരിച്ചറിയണം. വിമർശനങ്ങൾക്കും എതിരാളികൾക്കും തളർത്താൻ കഴിയാത്ത തികഞ്ഞ നേതൃത്വമാണ് യോഗത്തിന്റേതെന്നും ശ്രീനാരായണ സമൂഹം ഒറ്റമനസോടെ യോഗനേതൃത്വത്തിന് ഒപ്പമുണ്ടാകുമെന്നും പ്രവർത്തകയോഗം വിലയിരുത്തി. ടി.കെ. മാധവൻ സ്മാരക യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ അഡ്വ. സിനിൽ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി ഭാരവാഹികളായ രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, വിനു ധർമ്മരാജ്, സുരേഷ് പള്ളിക്കൽ തുടങ്ങിയവർ പങ്കെടുത്തു. മേഖല ഭാരവാഹികളെയും തിരഞ്ഞെടുത്തു.