ആലപ്പുഴ: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ജില്ലയിൽ ആശങ്ക പരത്തുന്നു. ദിവസവും രോഗികളുടെ എണ്ണം വർദ്ധിക്കുന്നതോടൊപ്പം കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണവും വർദ്ധിക്കുകയാണ്. പരിശോധനയും കർശന നടപടിയുമായി പൊലീസും ആരോഗ്യവകുപ്പും രംഗത്ത് ഉണ്ടെങ്കിലും രോഗവ്യാപനം കൂടുന്നത് ആശങ്കയുളവാക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തിലുണ്ടായ നിരീഷകരുടെ എണ്ണത്തിലുള്ള വർദ്ധനവ് ജില്ലാ ഭരണകൂടത്തെയും ആരോഗ്യവകുപ്പിനെയും ആശങ്കപ്പെടുത്തുന്നു, ഇന്നലെ ജില്ലയിൽ 7094 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 204പേരാണ് വിവിധ ആശുപത്രികളിലായി കഴിയുന്നത്.

#കൺടെയിൻമെന്റ് സോണുകൾ

ഭരണിക്കാവ് പഞ്ചായത്തിലെ 16-ാംവാർഡ് , ചെങ്ങന്നൂർ നഗരസഭ 14, 15 വാർഡുകൾ, പാലമേൽ പഞ്ചായത്ത് 14-ാം വാർഡ് എന്നിവ കൺടെയിൻമെന്റ് സോണുകളായി ഇന്നലെ പ്രഖ്യാപിച്ചു. കായംകുളം നഗരസഭയിലെ 4,9 വാർഡുകൾ ഇന്നലെ കൺടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

ആലപ്പുുഴ നഗരസഭയിലെ 50ാം വാർഡ് , പട്ടണക്കാട് പഞ്ചായത്തിലെ വാർഡ് 10.

കാർത്തികപ്പള്ളി പഞ്ചായത്തിലെ വാർഡ് 7, പുന്നപ്ര സൗത്ത് പഞ്ചായത്തിലെ രണ്ടാം വാർഡ് , അരൂർ പഞ്ചായത്തിലെ വാർഡ് 1 ചെന്നിത്തല പഞ്ചായത്തിലെ 14ാം വാർഡ് എന്നിവ നേരത്തെ കണ്ടെയ്ൻമെന്റ് സോണായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

#പൊതുമരാമത്ത് എക്സിക്യൂട്ടി​വ് എൻജിനി​യറുടെ ഓഫീസ് പൂട്ടി

പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടി​വ് എൻജിനി​യറുടെ( നിരത്ത് വിഭാഗം) ആലപ്പുഴ ഓഫീസ് അടച്ച് പൂട്ടി.കൊവിഡ് സ്ഥിരീകരിച്ച് കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കായംകുളത്തെ വ്യാപാരിയുടെ അടുത്ത ബന്ധു എക്സിക്യൂട്ടി​വ് എൻജിനി​യറുടെ ഓഫീസിലെ ജീവനക്കാരിയാണ്. ഇവർ കഴിഞ്ഞ മൂന്ന് ദിവസം കായംകുളത്തെ രോഗബാധിതന്റെ വീട്ടിൽ താമസിച്ചിരുന്നു. വ്യാപാരിക്ക് രോഗം സ്ഥി​രീകരിച്ചതിനെ തുടർന്ന് വീട്ടിൽ എത്തിയ മുഴുവൻ പേരെയും കൊവിഡ് നിരീക്ഷണത്തിലാക്കാനായിരുന്നു ആരോഗ്യവകുപ്പി​ന്റെ തീരുമാനം. 33 ജീവനക്കാരാണ് ഓഫീസിലുള്ളത്.


#നിരീക്ഷണത്തിൽ 7094 പേർ

ജില്ലയിൽ നിലവിൽ 7094പേരാണ് നിരീക്ഷണത്തിലുള്ളത്. 204 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 143ഉം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 20ഉം ആലപ്പുഴ ജനറൽ ആശുപത്രിയിൽ ആറും കായംകുളം ഗവ. ആശുപത്രിയിൽ നാലും കായംകുളം സ്വകാര്യ ആശുപത്രിയിൽ 31ഉം പേരാണ് നിരീക്ഷണത്തിലുള്ളത്.