ആലപ്പുഴ: കുട്ടനാട് വിദ്യാഭ്യാസ ജില്ല എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയവുമായി ചരിത്രം കുറിച്ചു. 33 സ്കൂളുകളിലെ 2106 വിദ്യാർത്ഥികളും വിജയത്തിനൊപ്പം ചരിത്രത്തിന്റെ കൂടി ഭാഗമാവുകയാണ്.

170 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഇവരിൽ 98 പേർ പെൺകുട്ടികളാണ്. പ്രളയത്തിന് ശേഷം നടന്ന കഴിഞ്ഞ വർഷത്തെ പരീക്ഷയിൽ 99.94 ശതമാനമായിരുന്നു വിജയ ശതമാനം. രണ്ട് വിദ്യാർത്ഥികൾ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ പ്രളയം 30 ദിവസത്തിലധികം അദ്ധ്യയന ദിനങ്ങൾ കവർന്നപ്പോൾ എല്ലാ പ്രതിസന്ധികളെയും ചെറുത്തു തോൽപ്പിച്ചാണ് കുട്ടനാട് ചരിത്ര വിജയം നേടിയത്. ഉൾപ്രദേശങ്ങളിലുള്ള കുട്ടമംഗലം, കുപ്പപ്പുറം സ്കൂളുകളിൽ ആഴ്ചകളോളം വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയായിരുന്നു. തുടർന്ന് താത്കാലിക ക്യാമ്പ് തയ്യാറാക്കിയാണ് പല വിദ്യാലയങ്ങളും ക്ലാസ് നടത്തിയിരുന്നത്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല കൂടിയാണ് കുട്ടനാട്. മുൻ വർഷങ്ങളിൽ വിജയശതമാനത്തിൽ പിന്നിലായിരുന്ന പല സ്കൂളുകളും രണ്ട് വർഷങ്ങളായി മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. 7 പൊതുവിദ്യാലയങ്ങൾ ഉൾപ്പെടെ 33 സ്കൂളുകളാണ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലുള്ളത്.