അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് തോട്ടപ്പള്ളി ഡിവിഷൻ അംഗം രാജേശ്വരികൃഷ്ണൻ നൽകിയ പ്രമേയം ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചക്കെടുക്കാതിരുന്നതിൽ പ്രതിഷേധിച്ച് യു. ഡി .എഫ് ജനപ്രതിനിധികൾ അമ്പലപ്പുഴ ബി. ഡി .ഒ ജോസഫിനെ ഉപരോധിച്ചു. ചട്ടപ്രകാരം പ്രമേയം നൽകുകയും അജണ്ടയിൽ മൂന്നാമതായി ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. പ്രമേയം അവതരിപ്പിക്കേണ്ട സമയമായപ്പോൾ സർക്കാരിനോട് അനുമതി ചോദിച്ചിരിക്കുകയാണെന്നും ,അത് ലഭിക്കുന്നമുറയ്ക്ക് മാത്രമേ പ്രമേയം ചർച്ച ചെയ്യുവാൻ അനുവദിക്കൂവെന്നും സെക്രട്ടറി യോഗത്തിൽ പറഞ്ഞു. തുടർന്ന് യോഗം പിരിച്ച് വിടുകയുമായിരുന്നു. വിഷയം ചർച്ച ചെയ്യാൻ അനുവദിക്കാതെ ഭരണകക്ഷി അംഗങ്ങൾ ഇറങ്ങിപ്പോകുകയും ചെയ്തു. ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമായ നടപടിയാണിതെന്ന് അമ്പലപ്പുഴ യു. ഡി .എഫ് പാർലമെന്ററി പാർട്ടി യോഗം ആരോപിച്ചു.13 അംഗങ്ങളുള്ള സമിതിയിൽ 8 പേർ എൽ. ഡി .എഫ് അംഗങ്ങളാണ്.5 പേർ മാത്രമുള്ള യു .ഡി. എഫ് അവതരിപ്പിച്ച പ്രമേയം വോട്ടിനിട്ട് തള്ളാമെന്നിരിക്കെ പ്രമേയം അവതരിപ്പിക്കാതെ ഒളിച്ചോടിയത് സി . പി . എമ്മിനെ സി.പി.ഐക്ക് ഭയമുള്ളതുകൊണ്ടാണെന്ന് അംഗങ്ങൾ ആരോപിച്ചു. പി .സാബു, ബിന്ദു ബൈജു, യു. എം. കബീർ, രാജേശ്വരികൃഷ്ണൻ, റോസ് ദലീമ എന്നിവരാണു സെക്രട്ടറിയെ ഉപരോധിച്ചത്.