hope

ആലപ്പുഴ: പാതി​വഴി​യി​ൽ പഠനം ഉപേക്ഷി​ച്ച കുരുന്നുകൾക്കും മറ്റുമായി​ നടപ്പാക്കുന്ന പൊലീസിന്റെ ഹോപ് പദ്ധതി പ്രകാരം ജില്ലയിൽ പരീക്ഷയെഴുതിയ 14 കുട്ടികൾക്കും മിന്നും ജയം.

കഴിഞ്ഞ വ‌ർഷം ജില്ലയിൽ പത്താം ക്ലാസ് തോറ്റ 13 വിദ്യാർത്ഥികളെയും പഠനം പാതിവഴിയിൽ മുടങ്ങിയ ഒരു വിദ്യാർത്ഥിയെയുമാണ് ഇത്തവണ പരീക്ഷ എഴുതിച്ചത്. ഇതിൽ നാല് പേർ പെൺകുട്ടികളും പത്ത് പേർ ആൺകുട്ടികളുമാണ്. എല്ലാവരുടെയും വിജയത്തിനൊപ്പം പറവൂർ സ്വദേശിനി കമല ഇംഗ്ലീഷിന് എ പ്ലസ് നേടിയത് ഇരട്ടിമധുരമായി. ആലപ്പുഴയിൽ 2015 മുതലാണ് ഹോപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ബാച്ചിൽ പരീക്ഷ എഴുതിയ 35 പേരിൽ 28 പേരും, കഴിഞ്ഞ വർഷം പരീക്ഷ എഴുതിയ 17 പേരും വിജയിച്ചിരുന്നു. ആലപ്പുഴ വഴിച്ചേരിയിലെ കർമ്മസദൻ കേന്ദ്രീകരിച്ചാണ് കുട്ടികൾക്ക് താമസവും ഭക്ഷണവുമുൾപ്പടെ ഒരു മാസത്തെ ക്യാമ്പ് സംഘടിപ്പിച്ചത്.

പരീക്ഷയിൽ പരാജയപ്പെടുന്നതോടെ വഴി തിരിഞ്ഞ് ലഹരി മാഫിയയിലേക്കും കുറ്റകൃത്യങ്ങളിലേക്കും തിരിയുന്ന പ്രവണത ഒഴിവാകുന്നു, ഇത് പദ്ധതിയുടെ വലി​യ പ്രയോജനമാണ്.

ഇത്തരം കുട്ടികളെ ക്ലാസിലെത്തിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. പലരുടെയും രക്ഷിതാക്കൾക്ക് കുട്ടികളെ പഠിക്കാനയക്കാൻ താത്പര്യമുണ്ടാവില്ല.

പരീക്ഷയിൽ പരാജയപ്പെടുന്നതോടെ വഴി തിരിഞ്ഞ് ലഹരി മാഫിയയിലേക്കും കുറ്റകൃത്യങ്ങളിലേക്കും തിരിയുന്ന പ്രവണത ഒഴിവാകുന്നു, ഇത് പദ്ധതിയുടെ വലി​യ പ്രയോജനമാണെന്ന് പ്രോജക്ട് അസിസ്റ്റന്റ് നോഡൽ ഓഫീസറായ സബ് ഇൻസ്പെക്ടർ കെ.വി. ജയചന്ദ്രൻ പറയുന്നു.

ഇത്തരം കുട്ടികളെ ക്ലാസിലെത്തിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. പലരുടെയും രക്ഷിതാക്കൾക്ക് കുട്ടികളെ പഠിക്കാനയക്കാൻ താത്പര്യമുണ്ടാവില്ല.

സന്നദ്ധ സേവനം നടത്തുന്ന അദ്ധ്യാപകരാണ് കുട്ടികൾക്ക് ക്ലാസെടുത്തിരുന്നത്. കൂടാതെ എൻ.എസ്.എസ് വോളണ്ടിയേഴ്സും പൊലീസും വിവിധ പരിശീലനങ്ങളും നൽകി. ക്യാമ്പി​ന്റെ നടത്തിപ്പിനു വേണ്ടി ആലപ്പുഴ മുനിസിപ്പാലിറ്റിയുടെയും യൂണിസെഫിന്റെയും സഹായം ലഭിച്ചിരുന്നു. പദ്ധതി വഴി പരിശീലനം നേടി പ്ലസ് ടു പരീക്ഷ എഴുതിയ മൂന്ന് പേർ ഫലം കാത്തിരിക്കുകയാണ്.

......................................

ഏറെ പാടുപെട്ടാണ് പല കുട്ടികളെയും വിദ്യാഭ്യാസത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നത്. പലർക്കും അക്ഷരാഭ്യാസം പോലുമുണ്ടാവില്ല. ഇവർക്കായി അടിസ്ഥാന പഠനം മുതൽ നൽകേണ്ടിവരും. പൊലീസിന്റെ മേൽനോട്ടത്തിൽ പരിശീലനം നേടുന്ന ഇവരെ ലഹരി ഉൾപ്പടെയുള്ള വലകളിലേക്ക് ആകർഷിക്കാൻ ആരും ധൈര്യപ്പെടില്ലെന്ന ഗുണവുമുണ്ട്.

കെ.വി.ജയചന്ദ്രൻ, പ്രോജക്ട് അസിസ്റ്റന്റ് നോഡൽ ഓഫീസർ

...............................................

ഹോപ് പദ്ധതി​

പൊലീസ് ആസ്ഥാനത്തെ ഐ.ജി പി.വിജയന്റെ ആശയമാണ് സംസ്ഥാനമാകെ വ്യാപിച്ച ഹോപ്പ് പദ്ധതി.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ പരാജയപ്പെടുന്നവരെയും പഠനം പാതവഴിയിൽ ഉപേക്ഷിക്കുന്നവരെയും കണ്ടെത്തി വിദ്യാഭ്യാസവും പരിശീലനവും നൽകി ആത്മവിശ്വാസമുള്ളവരാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. അഡി​ഷണൽ എസ്.പി എൻ.രാജനാണ് ജില്ലയിലെ പദ്ധതിയുടെ നോഡൽ ഓഫീസർ.

ഫോട്ടോ

ഹോപ്പ് പദ്ധതി വഴി വിദ്യാഭ്യാസം നേടി എസ്.എസ്.എൽ.സി പരീക്ഷയിൽ ഇംഗ്ലീഷ് വിഷയത്തിൽ എ പ്ലസ് കരസ്ഥമാക്കിയ പറവൂർ നെടുങ്കുമ്പ്മഠത്തിൽ കമലയ്ക്ക് ഹോപ്പ് പ്രവർത്തകർ സമ്മാനം നൽകുന്നു