ചാരുംമൂട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടുതവണ മോഹിനിയാട്ടത്തിന് ഒന്നാം സ്ഥാനം നേടിയ ഒന്നാം സ്ഥാനക്കാരിക്ക് പത്താംക്ളാസ് പരീക്ഷയിലും ഫുൾ എ പ്ലസ്. വള്ളികുന്നം അമൃത ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ബി. കൃഷ്ണ കലാരംഗത്ത് തിളങ്ങി നിൽക്കുന്ന പ്രതിഭയാണ്. എല്ലാ വിഷയത്തിനും എ പ്ലസ് നേടി പഠിത്തത്തിലും പ്രതിഭ തെളിയിച്ചിരിക്കുകയാണ് ഈ മിടുക്കി.
വള്ളികുന്നം അജയഭവനത്തിൽ കർഷകമോർച്ച ജില്ല ജനറൽ സെക്രട്ടറിയും വള്ളികുന്നം ഗ്രാമപഞ്ചായത്ത് മെമ്പറുമായ അനിൽ വള്ളികുന്നത്തിന്റെയും കാഷ്യു ഡവലപ്മെന്റ് കോർപ്പറേഷനിലെ ഉദ്യോഗസ്ഥയായ ബിന്ദുവിന്റയും മകളാണ് കൃഷ്ണ. അപ്പൂപ്പനായ ഗംഗാധരൻ പിള്ളയും അമ്മൂമ്മ മണിയമ്മയുമാണ് കലാരംഗത്ത് കൃഷ്ണയ്ക്ക് വേണ്ട പിന്തുണയും പ്രോത്സാഹനവും നൽകുന്നത്. മോഹിനിയാട്ടത്തിന് പുറമേ കുച്ചിപ്പുടിയിലും ഭരതനാട്യത്തിലും നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കൃഷ്ണയ്ക്ക് സാധിച്ചിട്ടുണ്ട്. ചൂനാട് രാജേഷ് കുമാറിന്റെ ശിക്ഷണത്തിൽ വയലിനും അഭ്യസിക്കുന്നു.