ആലപ്പുഴ: പൊതു പരിപാടികൾ നിയന്ത്രിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ തിരക്ക് നിയന്ത്രിക്കാനുമായി വ്യാപാരി വ്യവസായികളുമായി ആലോചിച്ച് സമയം ക്രമീകരിക്കാൻ നഗരസഭ വിളിച്ചു ചേർത്ത സർവ കക്ഷി യോഗം തീരുമാനിച്ചു, നഗരത്തിൽ വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾക്ക് പൂർണമായും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് പ്രതിരോധ പശ്ചാത്തലം ഒരുക്കണം.
ഹോം ക്വാറന്റൈനിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും കഴിയുന്നവർ സർക്കാർ മാർഗനിർദേശങ്ങൾ പാലിക്കണം. വ്യാപാര സ്ഥാപനങ്ങളിൽ കറൻസികൾ കൈകാര്യം ചെയ്യുന്നവർ നിർബന്ധമായും ഗ്ലൗസ് ഉപയോഗിക്കണം, വൃദ്ധജനങ്ങളും പത്ത് വയസിൽ താഴയുള്ള കുട്ടികളും ആശുപത്രി കാര്യങ്ങൾക്കല്ലാതെ വീടുകളിൽ നിന്നു പുറത്തിറങ്ങരുത്. ഹോട്ടലുകളിൽ വാഴ ഇലയുടെയും, ഡിസ്‌പോസിബിൾ ഗ്ലാസിന്റെയും ഉപയോഗം നിർബന്ധമാക്കും. നിരോധിച്ച പ്ലാസ്റ്റിക് ക്യാരിബാഗുകളിൽ പാഴ്സൽ നൽകുന്നത് ഒഴിവാക്കണം. മാർക്കറ്റുകളിൽ ജനങ്ങൾ കൂടുന്നത് ഒഴിവാക്കണം. തിരക്ക് നിയന്ത്രിക്കാൻ സാദ്ധ്യമാകാതെ വന്നാൽ മാർക്കറ്റുകൾ അടയ്ക്കാൻ നഗരസഭ നിർബന്ധമാകും
ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ്, വൈസ് ചെയർപേഴ്‌സൺ സി.ജ്യോതിമോൾ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. എ.എ.റസാഖ്, ബഷീർ കോയാപറമ്പിൽ, ബിന്ദു തോമസ്, ജി. മനോജ്കുമാർ, മുനിസിപ്പൽ സെക്രട്ടറി കെ.കെ.മനോജ്, വി.ബി.അശോകൻ, അജി സുധീന്ദ്രൻ, ബി.നസീർ, ടി.പി.മധു, എ.എം.നൗഫൽ,ബി.റഫീഖ്,മുഹമ്മദ് കബീർ, സജി പി.ദാസ്, പി.മോഹനൻ, പി.രാമചന്ദ്രൻ, എ.അൻസാരി എന്നിവർ പങ്കെടുത്തു.