കായംകുളം: കൊവിഡ് വ്യാപന സാദ്ധ്യത കണക്കിലെടുത്ത് കായംകുളം നഗര പരിധിയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു.
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ആഴ്ചയിൽ നാലു ദിവസമാക്കും. പഴം, പച്ചക്കറി, പലചരക്ക്, മത്സ്യ വ്യാപാരം, ഹോട്ടലുകൾ, ബേക്കറികൾ, സ്വർണ്ണക്കടകൾ, ഹാർഡ് വെയർ ഷോപ്പ്, വസ്ത്രവ്യാപാരം എന്നീ മേഖലകളിലാണ് നിയന്ത്രണം ബാധകമാകുന്നത്. സസ്യമാർക്കറ്റിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ചരക്കുമായി വരുന്നത് കൊവിഡ് പരക്കാൻ കാരണമാകുന്നത് മൂന്നിൽകണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഞായർ പൊതു അവധി ദിവസമായിരിക്കും.
മുനിസിപ്പൽ ഓഫീസിന്റെ പ്രവർത്തനം മുൻവശത്തെ ഗേറ്റിൽ വച്ച് അപേക്ഷകൾ സ്വീകരിക്കുന്നത് മാത്രമായി ചുരുക്കും. ഓഫീസിൽ പ്രവേശിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തും. ക്വാറന്റൈനിൽ കഴിയുന്നവരുടെ സ്രവങ്ങൾ വീടുകളിലെത്തി ശേഖരിക്കാൻ നടപടി സ്വീകരിക്കും. അണുനശീകരണത്തിനായി ഒന്നിലധികം വാഹനങ്ങൾ ഉപയോഗിക്കും.
നഗരത്തിലെ 4, 9 വാർഡുകൾ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ പരിധിയിൽ വരുന്ന താമസക്കാർ യാത്രകൾ ഒഴിവാക്കണം. വ്യാപാരസ്ഥാപനങ്ങൾ രാവിലെ 11 വരെ തുറന്ന് പ്രവർത്തിക്കാവുന്ന കൊവിഡ് ടെസ്റ്റിന്റെ ഭാഗമായി പ്രധാനകേന്ദ്രങ്ങളിൽ നിന്നുള്ളവരുടെ ശ്രവ പരിശോധന റിപ്പോർട്ട് വന്നതിന് ശേഷം കൂടുതൽ നിയന്ത്രണങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കുമെന്നും ചെയർമാൻ പറഞ്ഞു.