ഹരിപ്പാട്: ഹരിപ്പാട് നിയോജക മണ്ഡലത്തിലെ ഓൺലൈൻ പഠനവും തുടർ വിദ്യാഭ്യാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് സബ് ജില്ല വിദ്യാഭ്യാസ ഓഫീസർ, അമ്പലപ്പുഴ സബ് ജില്ല വിദ്യാഭ്യാസ ഓഫീസർ എന്നിവരുമായി ഓൺലൈൻ ചർച്ച നടത്തി.
എട്ട് ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ച് മണിക്കൂറുകൾ നീണ്ടു നിന്ന ചർച്ചയിൽ സ്കൂൾ പ്രിൻസിപ്പലുമാർ, എച്ച്.എമ്മുമാർ, ബി.ആർ.സി, ബി.പി.ഒ എന്നിവർ വിവിധ പ്രശ്നങ്ങൾ സംസാരിച്ചു. പ്രതിപക്ഷേ നേതാവിന്റെയും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെയും ഇടപെടലിന്റെയും അടിസ്ഥാനത്തിൽ ഹരിപ്പാട് നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ വിദ്യർത്ഥികൾക്ക് ഓൺലൈൻ പഠനം ഒരുക്കാൻ കഴിഞ്ഞെന്ന് ഓൺലൈൻ യോഗം വിലയിരുത്തി. ആയാപറമ്പ് സ്കൂളിലെ ഒരു വിദ്യാർത്ഥി പള്ളിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ വാടകയ്ക്ക് താമസിക്കുകയാണെന്നും ഓൺലൈൻ സൗകര്യം ലഭിക്കാത്തതുമൂലം പഠനം തുടരാൻ കഴിയാത്ത അവസ്ഥയാണെന്നും ആയപറമ്പ് പ്രിൻസിപ്പൽ ചർച്ചയിൽ അറിയിച്ചു. കുട്ടിയുടെ പ്രശ്നങ്ങൾ പ്രിൻസിപ്പലുമായി ചർച്ച ചെയ്ത് പരിഹാരം കാണുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.