 കൊവിഡ് സ്ഥിരീകരിച്ചത് കുറത്തികാട് സ്വദേശിക്ക്

മാവേലിക്കര: കുറത്തികാട് ജംഗ്ഷനിൽ മത്സ്യക്കച്ചവടം നടത്തിയിരുന്ന തെക്കേക്കര സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ പരിശോധിച്ച ഡോക്ടർ ഉൾപ്പെടെ 25 പേർ ക്വാറന്റൈനിൽ പ്രവേശിച്ചു.

കായംകുളം മാർക്കറ്റിൽ നിന്നു മത്സ്യം ശേഖരിച്ച് പെട്ടി ആട്ടോയിൽ കുറത്തികാട് ജംഗ്ഷന് സമീപമെത്തി വില്പന നടത്തിയിരുന്ന ആളിനാണ് രോഗം സ്ഥിരീകരിച്ചത്. വയറുവേദനയുമായി കായംകുളത്തെ എബനേസർ ആശുപത്രിയിലെത്തിയ രോഗിയുടെ സ്രവം ശസ്ത്രകിയയ്ക്ക് മുന്നോടിയായി പരിശോധനയ്ക്ക് അയച്ചിരുന്നു. തിങ്കളാഴ്ച രാത്രി വയറുവേദന അസഹ്യമായപ്പോൾ രോഗി ജില്ലാ ആശുപത്രിയിലെ സർജനെ കണ്ടശേഷം ജില്ലാ ആശുപത്രിയിലെത്തി. അത്യാഹിത വിഭാഗത്തിൽ പരിശോധിച്ച ഡോക്ടർ, നഴ്സ്, ടെക്നിഷ്യൻ, അറ്റൻഡർ, വാർഡിൽ സമീപത്തുണ്ടായിരുന്ന മറ്റു രോഗികൾ, അവരുടെ കൂട്ടിരിപ്പുകാർ എന്നിവരുൾപ്പെടെ 25 പേരോടാണ് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചിരിക്കുന്നതെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ജിതേഷ് അറിയിച്ചു. മത്സ്യ വില്പന നടത്തിയിരുന്ന ആളുമായി സമ്പർക്കം പുലർത്തിയിരുന്നവർ ഓഫീസിൽ വന്നിരിക്കാമെന്ന സംശയത്തിൽ തെക്കേക്കര പഞ്ചായത്ത് ഓഫീസിൽ ഇന്നലെ അഗ്നിരക്ഷാസേന അണുനശീകരണം നടത്തി. തെക്കേക്കര പഞ്ചായത്ത് ഓഫീസിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെ 11.30ന് പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും ജാഗ്രത സമിതി അംഗങ്ങളുടെയും അടിയന്തിര യോഗം പ്രസിഡന്റ് ഷൈല ലക്ഷ്മണൻ വിളിച്ചിട്ടുണ്ട്.