ചേർത്തല: കൊവിഡ് കാലഘട്ടത്തിലും എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച് ചേർത്തലയിലെ സർക്കാർ വിദ്യാലയങ്ങൾ. അസൗകര്യങ്ങളെയും പരിമിതികളേയും മറികടന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് നടത്തിയ കൂട്ടായ പരിശ്രമമാണ് മികച്ച നേട്ടം കൈവരിക്കുന്നതിന് സ്‌കൂളുകളെ പ്രാപ്തമാക്കിയത്.

ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ 11 സർക്കാർ സ്‌കൂളുകളും 14 എയ്ഡഡ് സ്‌കൂളുകളും ഒരു അൺ എയ്ഡഡ് വിദ്യാലയവും നൂറ് മേനി വിജയം കൈവരിച്ചു. 99.39 ആണ് വിജയ ശതമാനം. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ഇവർക്ക് പ്രത്യേക പരിശീലനം നൽകിയും രാത്രി ക്ലാസുകൾ ഒരുക്കിയുമാണ് വിദ്യാലങ്ങൾ മികവിന്റെ പടവുകൾ താണ്ടിയത്. പട്ടണക്കാട് എസ്.സി.യു.വി എച്ച്.എസ്.എസ്, ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ്, തിരുനല്ലൂർ ഗവ. എച്ച്.എസ്, എസ്.എൽപുരം ഗവ. ജി.എസ്.എം.എം.ജി.എച്ച്.എസ്, ചേർത്തല തെക്ക് ഗവ. എച്ച്.എസ്.എസ്, വയലാർ വി.ആർ.വി.എം.ജി.എച്ച്.എസ്.എസ്, അർത്തുങ്കൽ ഗവ. ഫിഷറീസ് എച്ച്.എസ്, ചാരമംഗലം ഗവ. സംസ്‌കൃത സ്‌കൂൾ,അരൂർ ഗവ. എച്ച്.എസ്, തണ്ണീർമുക്കം ഗവ. എച്ച്.എസ്.എസ്, പൊള്ളേത്തൈ ഗവ. എച്ച്.എസ് എന്നീ സർക്കാർ വിദ്യാലയങ്ങളാണ് നൂറ് ശതമാനം വിജയം കൊയ്തത്.കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷ മാ​റ്റിവച്ചെങ്കിലും കുട്ടികളുമായി നിരന്തരം ആശയവിനിമയം നടത്തിയതടക്കമുള്ള സ്‌കൂൾ അധികൃതരുടെ കൃത്യതയാർന്ന പ്രവർത്തനങ്ങൾ കുട്ടികളെ മികച്ച വിജയം നേടാൻ സഹായകമാക്കി.

 തണ്ണീർമുക്കത്ത് നൂറുമേനി

തണ്ണീർമുക്കം പഞ്ചായത്തിൽ ഒരു സർക്കാർ സ്കൂളും രണ്ട് എയ്ഡഡ് സ്കൂളുമാണ് ഉള്ളത്.ഇവിടെ മൂന്നിടത്തും 100 ശതമാനം വിജയമുണ്ടായി. മൂന്നു സ്കൂളുകളിലായി 164 പേരാണ് വിജയിച്ചത്.നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളെ ഗ്രാമപഞ്ചായത്ത് അഭിനന്ദിച്ചു.പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ്, ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിംഗ് കമ്മ​റ്റി ചെയർപേഴ്‌സൺ ബിനിത മനോജ് എന്നിവരുടെ നേതൃത്വത്തിൽ നേരിട്ട് എത്തി അനുമോദിച്ചു.സ്‌കൂളുകളെയും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികളെയും ജൂലായ് രണ്ടാം വാരം ആദരിക്കുമെന്ന് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ് പറഞ്ഞു.