
തത്‌സ്ഥിതി നിലനിറുത്തണമെന്ന് ഇന്ത്യ
ന്യൂഡൽഹി:ലഡാക്ക് അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യയുടെയും ചൈനയുടെയും ഉന്നത സേനാ കമാൻഡർമാർ തമ്മിലുള്ള നിർണായക ചർച്ച നാളെ നടക്കും. ലേയിലെ 14ാം കോർ ജനറൽ ഓഫീസർ കമാൻഡിംഗ് ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗ് ആയിരിക്കും ചർച്ചയിൽ ഇന്ത്യൻ സംഘത്തെ നയിക്കുക.
ചൈനീസ് സേന തർക്ക പ്രദേശത്ത് നിന്ന് പിൻമാറി തത്‌സ്ഥിതി നിലനിറുത്താൻ ഇന്ത്യ ആവശ്യപ്പെടുമെന്നാണ് സൂചന. പാംഗോംഗ് ടിസോ തടാകത്തിന് വടക്കുള്ള ഫിംഗർ 4 പ്രദേശം, ഹോട്ട്‌സ്‌പ്രിംഗ് എന്നറിയപ്പെടുന്ന ഗോഗ്ര, ഗാൽവൻ താഴ്‌വര എന്നിവിടങ്ങളിൽ നിന്ന് സൈനീസ് ചൈന്യം പിൻമാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം. സ്ഥിരം ക്യാമ്പുകളില്ലാത്ത ഈ പ്രദേശത്ത് പട്രോളിംഗ് മാത്രമാണ് നടത്തിയിരുന്നത്. അക്‌സായി ചിൻ പ്രദേശത്ത് ചൈനീസ് സൈന്യം ആയുധങ്ങൾ ശേഖരിച്ചതിലെ എതിർപ്പും ഇന്ത്യ അറിയിക്കും. മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ, വടക്കൻ കമാൻഡ്, ലേയിലെ 14-ാം കോർ എന്നിവ തയ്യാറാക്കിയ നിർദ്ദേശങ്ങളാണ് ചർച്ചയിൽ അവതരിപ്പിക്കുക.
അതിർത്തിയിലെ ചുഷുൽ-മോൽഡോ പ്രദേശത്താണ് യോഗം. നാളത്തെ യോഗം ചൈനയുടെ ചുഷുൽ ഭാഗത്തായിരിക്കും.അതിഥി കമാൻഡർ എന്ന നിലയിൽ ലഫ്. ജനറൽ ഹരീന്ദർ സിംഗ് ഇന്ത്യയുടെ ആവശ്യങ്ങൾ ആദ്യം വിവരിക്കും. പിന്നീട് ചൈനീസ് സംഘം നിലപാടുകൾ വ്യക്തമാക്കും. തുടർന്ന് വിശദമായ ചർച്ച നടത്തും. കഴിഞ്ഞ ദിവസം നടന്ന മേജർ റാങ്കിലെ ഉദ്യോഗസ്ഥരുടെ ചർച്ചയിലെ നിർദ്ദേശങ്ങൾ പ്രകാരമാണ് യോഗം.
പാംഗോംഗ് ടിസോ തടാകത്തിന് വടക്കും ഗാൽവൻ താഴ്‌വര, ദെംചോക്ക് എന്നിവിടങ്ങളിലും ചൈനീസ് സേന കടന്നു കയറിയതിനെ തുടർന്ന് മേയ് ആദ്യമാണ് സംഘർഷം ഉടലെടുത്തത്. ഇരുപക്ഷത്തെയും സൈനികർ തമ്മിൽ കൈയാങ്കളിയുമുണ്ടായി. 2500ൽ അധികം സൈനികരെയും പടക്കോപ്പുകളും അതിർത്തിയിൽ ചൈന വിന്യസിച്ചിട്ടുണ്ട്. ഇതിന് ആനുപാതികമായി ഇന്ത്യയും സൈനിക വിന്യാസം വർദ്ധിപ്പിച്ചു. തുടർന്ന് ഇരുപക്ഷത്തെയും പ്രാദേശിക കമാൻഡർമാരും മേജർ റാങ്ക് ഉദ്യോഗസ്ഥരും പത്ത് തവണ ചർച്ച നടത്തിയിട്ടും പരിഹാരമുണ്ടായില്ല. നയതന്ത്ര തലത്തിലും ചർച്ച നടക്കുന്നുണ്ട്. പ്രശ്‌നങ്ങൾ പരസ്‌പരം ചർച്ച ചെയ്‌തു പരിഹരിക്കാമെന്നാണ് ഇരു രാജ്യങ്ങളുടെയും നിലപാട്.
ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗ്
@ലേയിലെ 14 കോറിന്റെ ( ഫയർ ആൻഡ് ഫ്യൂറി കോർ) കമാൻഡർ
@ഭീകരവിരുദ്ധ ഓഫറേഷനിൽ വിദഗ്ദ്ധൻ
@മുൻ മിലിട്ടറി ഇന്റലിജൻസ്, മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ
@യു.എൻ സേനയിൽ ആഫ്രിക്കയിൽ സേവനം അനുഷ്‌ഠിച്ചു
@ഡൽഹി ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ റിസർച്ച് ഫെലോ
@നാഷണൽ ഡിഫൻസ് അക്കാഡമിയിലെ പൂർവ വിദ്യാത്ഥി