foreign-products
FOREIGN PRODUCTS

ന്യൂഡൽഹി: സ്വദേശി ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അർദ്ധസൈനിക കാന്റീനുകളിൽ നിന്ന് ആയിരത്തോളം വിദേശ ഉത്പന്നങ്ങൾ ഒഴിവാക്കി. ന്യൂട്ടെല്ല, കിൻഡർ ജോയ്, ടിക്‌ടാക്, ഹോർലിക്‌സ് ഓട്‌സ്, യുറേക്ക ഫോർബ്‌സ്, അഡിഡാസ് ബോഡി സ്‌പ്രേ തുടങ്ങി ആയിരത്തോളം വിദേശ ബ്രാന്റ് ഉത്പന്നങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്.

ഇന്ത്യൻ നിർമ്മിതം, വിദേശത്ത് നിന്ന് അസംസ്‌കൃതവസ്തുക്കൾ എത്തിച്ച് ഇന്ത്യയിൽ നിർമ്മിക്കുന്നത്, പൂർണ്ണമായും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നത് എന്നിങ്ങനെ മൂന്ന് വിധത്തിലാണ് ഉത്പന്നങ്ങളെ അധികൃതർ തരം തിരിച്ചത്. ഇതിൽ മൂന്നാം വിഭാഗത്തെ പൂർണ്ണമായും ഒഴിവാക്കി. വിദേശ നിർമ്മിതമായ മൈക്രോ വേവ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾക്കും വിലക്ക് ബാധകമാണ്. ഏഴ് കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. പകരം ഇന്ത്യൻ കമ്പനികളുടെ ഉത്പന്നങ്ങൾ വിൽക്കും.

നിലവിൽ സ്വദേശി ഉത്പന്നങ്ങൾക്ക് ക്ഷാമമുണ്ടെന്നും പതിയെ അവ പരിഹരിക്കപ്പെടുമെന്നും അധികൃതർ പറയുന്നു.

സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്.എസ്.എസ്.ബി, ഐ.ടി.ബി.പി,ബി.എസ്.എഫ്, എൻ.എസ്.ജി, ആസാം റൈഫിൾസ് എന്നീ വിഭാഗങ്ങൾ ഉൾപ്പെട്ടതാണ് അർദ്ധസൈനിക സേന.പാർലമെന്ററി സേനാ കാന്റീനുകൾക്കും വിലക്ക് നിലവിൽ വന്നു.പത്ത് ലക്ഷത്തോളം സി.എ.പി.എഫ്. ഉദ്യോഗസ്ഥരുടെ 50 ലക്ഷത്തോളം കുടുംബാംഗങ്ങൾ സി.എ.പി.എഫ് കാന്റീനുകളിലെ ഉപഭോക്താക്കളാണ്. പ്രതിവർഷം 2,800 കോടിയുടെ ഉത്പന്നങ്ങളാണ് വിൽക്കുന്നത്.