ന്യൂഡൽഹി:രാജ്യത്തെ കൊവിഡ് കേസുകൾ 2 ലക്ഷമായി. മരണം 5457 ആയി.
മഹാരാഷ്ട്രയിൽ 2361 പുതിയ രോഗികൾ. ആകെ കേസുകൾ 70,000 കടന്നു. 24 മണിക്കൂറിനിടെ 76 മരണം.
തമിഴ്‌നാട്ടിൽ ഇന്നലെയും പുതിയ രോഗികൾ ആയിരം കടന്നു. 1162 പുതിയ രോഗികളും 11 മരണവും. ആകെ രോഗികൾ 23,495 ആയി. ഗുജറാത്തിൽ ഇന്നലെ 423 പുതിയ രോഗികളും 25 മരണവും.
990 പുതിയ കൊവിഡ് രോഗികളുണ്ടായ ഡൽഹിയിൽ ആകെ കേസുകൾ 20,000 കടന്നു. 12 പേർമരണം. ആകെ മരണം 485.
മദ്ധ്യപ്രദേശിൽ 194,രാജസ്ഥാനിൽ 149,പശ്ചിമബംഗാളിൽ 271, ബിഹാറിൽ 65, ആന്ധ്രാപ്രദേശ് 105, കർണാടക 187, ജമ്മുകാശ്മീർ 155,ഹരിയാന 265,പഞ്ചാബ് 38,ഒഡിഷ 156,അസം 81 എന്നിങ്ങനെ പുതിയ രോഗികളുണ്ടായി.
ആദ്യ ഐസൊലേഷൻ കോച്ച് ഡൽഹിയിൽ
കൊവിഡ് രോഗികൾക്കായുള്ള റെയിൽവെയുടെ ഐസൊലേഷൻ കോച്ച് ആദ്യമായി ഡൽഹിയിൽ ഉപയോഗിക്കും. ഡൽഹി സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.160 ബെഡുകളുമായി 10 നോൺ എ.സി കോച്ചുകളും ആരോഗ്യപ്രവർത്തകർക്കായി ഒരു എ.സി കോച്ചുമാണ് ഡൽഹിയിൽ നിയോഗിക്കുക,
നോർത്ത് ഡൽഹി മുൻസിപ്പൽ കോർപറേഷൻ ജൂനിയർ എൻജിനീയർ കൊവിഡ് ബാധിച്ച് മരിച്ചു. മേയ് 30നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. എൻ.ഡി.എം.സി ആസ്ഥാനത്തെ സിവിക് സെന്ററിലാണ് ജോലി ചെയ്തിരുന്നത്. പനിയെ തുടർന്ന് മേയ് 18 മുതൽ അവധിയിലായിരുന്നു. മേയ് 20ന് ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽമഹാരാജിനും ഭാര്യയ്ക്കും കൊവിഡ് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ മകനും മരുമകൾക്കും കൊച്ചുമകനും കൊവിഡ് സ്ഥിരീകരിച്ചു. മകൻ സുയേഷ് റാവത്തിനും മരുമകളും ഹിന്ദി ടെലിവിഷൻ താരവുമായ മൊഹേന സിംഗിനും 5 വയസുകാരൻ മകനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ ഏഴുകുടുംബാംഗങ്ങൾക്കും നിരവധി സ്റ്റാഫുകൾക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.
ഡൽഹി പൊലീസിലെ രണ്ട് എ.എസ്.ഐമാർ കൊവിഡ് ബാധിച്ചു മരിച്ചു. ഡൽഹി പൊലീസിലെ ആകെ കൊവിഡ് മരണം മൂന്നായി. സെൻട്രൽ ഡിസ്ട്രിക്ട് അഡിഷണൽ ഡി.സി.പിക്കും കൊവിഡ് ബാധയുണ്ട്.
ആശുപത്രികളിലെ ബെഡ്, ഐ.സി.യു, വെന്റിലേറ്റർ ലഭ്യതയറിയാൻ ഡൽഹി കൊറോണ എന്ന മൊബൈൽ ആപ്പ് കേജ്‌രിവാൾ സർക്കാർ പുറത്തിറക്കി.
ആന്ധ്രസെക്രട്ടറിയേറ്റിലെ ജീവനക്കാരന് കൊവിഡ്. തുടർന്ന് സെക്രട്ടറിയേറ്റിലെ രണ്ടുബ്ലോക്കുകൾ അടച്ചു. ജീവനക്കാർക്ക് വീട്ടിലിരുന്ന ജോലി ചെയ്യാൻ അനുമതി നൽകി.