covid-package
COVID PACKAGE

 ₹250 കോടി വരെ വരുമാനമുള്ളത് ഇടത്തരം വ്യവസായം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആത്‌മനിർഭ‌ർ പാക്കേജിലെ എം.എസ്.എം.ഇ വ്യവസായങ്ങൾക്കുള്ള ആനുകൂല്യങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയുടെ അംഗീകാരം. വഴിയോര കച്ചവടക്കാർക്കുള്ള സാമ്പത്തിക പാക്കേജും അംഗീകരിച്ചു.

കൊവിഡ് മൂലം കടക്കെണിയിലായ യൂണിറ്റുകൾക്ക് 20,000 കോടി രൂപയുടെ വായ്‌പ, 50,000 കോടി രൂപയുടെ ഫണ്ട്, എം.എസ്.എം.ഇകൾക്കുള്ള പുതിയ നിർവചനം എന്നിവയ്‌ക്കാണ് അംഗീകാരം. ഇടത്തരം വ്യവസായങ്ങളുടെ നിർവചനത്തിൽ നേരത്തെ പ്രഖ്യാപിച്ചതിൽ നിന്ന് മാറ്റം വരുത്തിയിട്ടുണ്ട്. നിക്ഷേപത്തിനൊപ്പം വരുമാനവും കണക്കാക്കിയാണ് എം.എസ്.എം.ഇകൾക്കുള്ള പുതിയ നിർവചനം. (നിക്ഷേപം മാത്രമായിരുന്നു പാക്കേജിൽ ആദ്യം പരിഗണിച്ചിരുന്നത്). നിർമ്മാണ, സേവന മേഖലകളെ ഒരുമിച്ച് പരിഗണിക്കും.

ഒരു കോടി രൂപയിൽ താഴെ നിക്ഷേപവും അഞ്ചു കോടി രൂപവരെ വരുമാനവുമുള്ള

ചെറുകിട വ്യവസായത്തെ മൈക്രോ വ്യവസായമായും പത്തു കോടി രൂപയിൽ താഴെ നിക്ഷേപവും 50 കോടി രൂപവരെ വരുമാനവുമുള്ളതിനെ ചെറുകിട വ്യവസായമായും പരിഗണിക്കും. 50 കോടി രൂപയിൽ താഴെ നിക്ഷേപവും 250 കോടി രൂപവരെ വരുമാനവുമുള്ള വ്യവസായം ഇനി ഇടത്തരം വ്യവസായമാണ്. ഇടത്തരം വ്യവസായത്തിന് 50 കോടി രൂപ നിക്ഷേപവും 100 കോടി രൂപ വരുമാനവുമായിരുന്നു ധനമന്ത്രി നിർമ്മല സീതാരാമൻ പാക്കേജിൽ പറഞ്ഞിരുന്നത്.

രണ്ടുലക്ഷം സംരംഭകർക്ക് നേട്ടം

20,000 കോടി രൂപയുടെ വായ്‌പ രണ്ടുലക്ഷം വ്യവസായങ്ങൾക്ക് പ്രയോജനപ്പെടുമെന്ന് കേന്ദ്ര എം.എസ്.എം.ഇ മന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. കൊവിഡിൽ പ്രതിസന്ധിയിലായ ചെറിയ വ്യവസായങ്ങൾക്ക് പരമാവധി 75ലക്ഷം രൂപ അല്ലെങ്കിൽ ആകെ നിക്ഷേപത്തിന്റെ 15 ശതമാനം വരെ വായ്‌പ കിട്ടും. ഇതിൽ 4,000 കോടി രൂപ കേന്ദ്രം നൽകും.

മികച്ച വളർച്ചാ സാദ്ധ്യതയുള്ളവരും എന്നാൽ, പണക്കുറവ് മൂലം കഷ്‌ടപ്പെടുന്നവർക്കും പിന്തുണയേകുന്നതാണ് 50,000 കോടി രൂപയുടെ ഫണ്ട്‌സ് ഒഫ് ഫണ്ട്. എം.എസ്.എം.ഇകളെ ഓഹരി വിപണിയിൽ പ്രവേശിക്കാൻ പ്രോത്‌സാഹനവും ഇതുനൽകും.


വഴിയോര

കച്ചവടക്കാർക്ക്

₹5,000 കോടി

കൊവിഡിൽ പ്രതിസന്ധിയിലായ വഴിയോര കച്ചവടക്കാർക്ക് കച്ചവടം പുനരാരംഭിക്കാൻ പ്രഖ്യാപിച്ചതാണ് 5,000 കോടി രൂപയുടെ വായ്‌പാ പാക്കേജ്. 10,000 രൂപവരെ വായ്‌പ ലഭിക്കും. പദ്ധതി 50 ലക്ഷം പേർക്ക് പ്രയോജനപ്പെടും. ഡിജിറ്റൽ പണമിടപാട് ഉപയോഗിച്ചാൽ ഇൻസെന്റീവും ലഭിക്കും.