ന്യൂഡൽഹി: കേരളത്തിനും ലക്ഷദ്വീപിനുമിടയിൽ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത ആറ് മണിക്കൂറിനുള്ളിൽ 'നിസർഗ' എന്ന ചുഴലിക്കാറ്റായി മാറി മഹാരാഷ്ട്ര തീരത്തടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇന്ന് ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയിൽ മണിക്കൂറിൽ പരമാവധി 100 - 120 കിലോമീറ്റർ വേഗതയിൽ കാറ്റ് തീരം തൊടും .കൊങ്കൺ, ഗോവ എന്നിവിടങ്ങളിലും മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരങ്ങളിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലായി വിന്യസിച്ചു. ഗുജറാത്തിൽ 47 തീരദേശഗ്രാമങ്ങളിൽ നിന്നായി 20,000 പേരെ ഒഴിപ്പിച്ചു. ഉംപുൻ ചുഴലിക്കാറ്റിനോളം തീവ്രമാകില്ല 'നിസർഗ' എന്നാണ് പ്രവചനം. 2020ലെ രണ്ടാമത്തെയും അറബിക്കടലിലെ ആദ്യത്തെയും ചുഴലിക്കാറ്റാണ് നിസർഗ.
120 വർഷത്തിന് ശേഷം
120 വർഷങ്ങൾക്ക് ശേഷമാണ് മുംബയ് തീരത്ത് ചുഴലിക്കാറ്റ് വീശുന്നത്. മുംബയ്, താനെ, പാൽഘർ എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പാൽഘർ തീരപ്രദേശത്തെ വീടുകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ടുകളെയെല്ലാം തിരിച്ചുവിളിച്ചെങ്കിലും പതിമൂന്നോളം ബോട്ടുകൾ തിരികെയെത്തിയിട്ടില്ല. മഹാരാഷ്ട്ര സർക്കാർ കൊവിഡ് ചികിത്സ തത്കാലത്തേക്ക് നിറുത്തിവയ്ക്കുകയും ചുഴലിക്കാറ്റിനെ നേരിടാനുള്ള തയാറെടുപ്പുകൾ നടത്തുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ.
പേരിട്ടത് ബംഗ്ലാദേശ്
ലോക കാലാവസ്ഥാ സംഘടനയുടെ നിർദേശപ്രകാരം ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് നിസർഗ എന്ന പേര് നൽകിയത്. 2004ലെ ഉടമ്പടി പ്രകാരം അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമുണ്ടാകുന്ന ചുഴലിക്കാറ്റിന് പേരിടാനുള്ള അവകാശം ഇന്ത്യ, ബംഗ്ലാദേശ്, മാലിദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്ഥാൻ, ശ്രീലങ്ക, തായ്‌ലാൻഡ്, ഇറാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, യെമൻ എന്നിങ്ങനെ 13 രാജ്യങ്ങൾക്കാണ്. 13 രാജ്യങ്ങൾ 13 പേരുകൾ വീതം നൽകണം. പുതിയ പട്ടികയിലെ ആദ്യപേരാണ് 'നിസർഗ'. അടുത്ത ചുഴലിക്കാറ്റിന് ഇന്ത്യ നൽകിയ 'ഗതി' എന്ന പേരാണ് നൽകുക.
എല്ലാവരുടേയും നന്മയ്‌ക്കായി പ്രാർത്ഥിക്കുന്നു.ജനങ്ങൾ സുരക്ഷിതരായി ഇരിക്കാനുള്ള മുൻകരുതലുകലെടുക്കുക
നരേന്ദ്രമോദി , പ്രധാനമന്ത്രി