adesh-gupta

ന്യൂഡൽഹി: വടക്കൻ ഡൽഹി മുനിസിപ്പൽ കോർപറേഷൻ മുൻ മേയർ ആയിരുന്ന ആദേശ് കുമാർ ഗുപ്‌തയെ ഡൽഹി ബി.ജെ.പി അദ്ധ്യക്ഷനായി നിയമിച്ചു. ഭോജ്‌പുരി സിനിമയിൽ നിന്ന് രാഷ‌്‌ട്രീയത്തിലെത്തിയ മനോജ് തീവാരിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ പരീക്ഷണം. ഇതോടൊപ്പം ഛത്തീസ്ഗഡിൽ വിഷ്‌ണു ദേവ് സായിയെയും മണിപ്പൂരിൽ എസ്. ടിക്കേന്ദ്ര സിംഗിനെയും പുതിയ അദ്ധ്യക്ഷൻമാരായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ നിയമിച്ചിട്ടുണ്ട്.

ഡൽഹിയിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ധ്യക്ഷനായി ചുമതലയേറ്റ ആദേശ് കുമാർ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധിക്കുന്നതിൽ അരവിന്ദ് കേജ്‌രിവാൾ സർക്കാർ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

2016ൽ അദ്ധ്യക്ഷനായി സ്ഥാനമേറ്റ മനോജ് തീവാരി 2017ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിക്കൊടുത്തെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്‌മി പാർട്ടിക്കു മുന്നിൽ പരാജയപ്പെട്ടതോടെ നേതൃത്വത്തിന് അനഭിമിതനായി. 2009ൽ സമാജ്‌വാദിപാർട്ടി ബാനറിൽ ഇപ്പോഴത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ ഗോരഖ്പൂരിൽ മത്സരിച്ചുകൊണ്ടാണ് ഭോജ്‌പുരി നടനും പാട്ടുകാരനുമായ തീവാരി രാഷ്‌ട്രീയത്തിൽ ശ്രദ്ധ നേടുന്നത്. പിന്നീട് ബി.ജെ.പിയിലെത്തിയ ശേഷം 2014ലും 2019ലും ഡൽഹിയിൽ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചു.