jaseeka

ന്യൂഡൽഹി: വിവാദമായ ജസീക്ക ലാൽ വധക്കേസിലെ പ്രതിയും കോൺഗ്രസ് കേന്ദ്രമന്ത്രിയായിരുന്ന വിനോദ് ശർമയുടെ മകനുമായ മനു ശർമ ജയിൽ മോചിതനായി.

17 വർഷമാണ് മനു ജയിൽവാസം അനുഭവിച്ചത്. മനുവിനൊപ്പം തിഹാർ ജയിലിലുണ്ടായിരുന്ന 18 പേരെയും തിങ്കളാഴ്ച ജയിൽ മോചിതരാക്കി.

1999 ഏപ്രിൽ 30നാണ് ഡൽഹിയിലെ റസ്റ്റോറന്റിൽ വച്ച് മോഡലായ ജെസീക്കാ ലാലിനെ മദ്യം വിളമ്പാൻ വിസമ്മതിച്ചതിനെ തുടർന്ന് മനു വെടിവച്ച് കൊലപ്പെടുത്തിയത്. വിചാരണക്കോടതി വെറുതെവിട്ട ഇയാളെ 2006ൽ ഹൈക്കോടതി കൊലപാതകക്കുറ്റം ചുമത്തി ജീവപര്യന്തം തടവിന് വിധിച്ചു. മനു സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നെങ്കിലും ഹൈക്കോടതി വിധി 2010 ൽ സുപ്രീംകോടതി ശരിവച്ചു.

ജയിലിലെ നല്ലനടപ്പ് പരിഗണിച്ച് ജയിലിന് പുറത്തുപോയി ജോലി ചെയ്യാൻ മനുവിന് അനുവാദം ലഭിച്ചിരുന്നു.

2018ൽ ജസീക്കയുടെ സഹോദരി സബറിന മനു ശർമയ്ക്ക് മാപ്പ് നൽകിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് മനു ശർമയെ ജയിൽ മോചിതനാക്കിയത്. ജസീക്ക ലാൽ വധത്തെ ആസ്പദമാക്കി റാണി മുഖർജി, വിദ്യാബാലൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി 'നോ വൺ കിൽഡ് ജസീക്ക' എന്ന പേരിൽ സിനിമയടക്കം വന്നിരുന്നു.