ന്യൂഡൽഹി: കേരളത്തിലേക്കുള്ള വിമാനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതായി വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വിമാനത്താവളങ്ങളിലെത്തുന്നവരെ പരിശോധിക്കാനുള്ള ക്രമീകരണങ്ങൾ പരമാവധിയിലാണെന്നും ,കൂടുതൽ വിമാനങ്ങൾ വന്നാൽ പരിശോധന ബുദ്ധിമുട്ടാവുമെന്നുമാണ് സംസ്ഥാനം അറിയിച്ചത്.
വിമാന സർവീസുകൾ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി വിദേശകാര്യമന്ത്രാലയം ചർച്ചകൾ തുടരുകയാണ്. സംസ്ഥാനത്ത് ക്വാറന്റൈൻ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനനുസരിച്ച് കൂടുതൽ വിമാനങ്ങളെത്തും. ഗൾഫിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ നടത്താനാണ് വിദേശകാര്യമന്ത്രാലയത്തിന്റെ താൽപ്പര്യം. എന്നാൽ പരമാവധി വിമാനങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നതെന്ന നിലപാടിലാണ് കേരളം.
പരമാവധി ക്വാറന്റൈൻ സംവിധാനങ്ങൾ സംസ്ഥാനത്ത് ഒരുക്കണമെന്ന് പറയാനേ കേന്ദ്രസർക്കാരിന് സാധിക്കൂ. മറ്റു രാജ്യങ്ങളിൽ നിന്ന് പ്രവാസികൾ ഇങ്ങോട്ട് വരുന്നത് കേരളത്തിൽ കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് സംസ്ഥാന മന്ത്രിമാരടക്കം നേരത്തേ പറഞ്ഞിരുന്നു. . ഗൾഫിൽ ഇതിനകം 160ലധികം മലയാളികൾ മരണപ്പെട്ടു. പ്രവാസികളെ എത്രയും വേഗം മടക്കിക്കൊണ്ടുവരുന്നതിന് ആവശ്യമായ ക്വാറന്റൈൻ , പരിശോധനാ സംവിധാനങ്ങൾ സംസ്ഥാന സർക്കാർ ചെയ്യുമെന്നാണ് പ്രതീക്ഷ. കേരള സർക്കാരിന്റെ ചില നിബന്ധനകൾ കൂടി പാലിച്ചേ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകാവൂ എന്നാണ് തിങ്കളാഴ്ച അയച്ച കത്തിൽ പറയുന്നതെന്നും വി. മുരളീധരൻ പറഞ്ഞു.