ന്യൂഡൽഹി: ഇന്നലെ 8171പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതിരുടെ എണ്ണം രണ്ടുലക്ഷം കടന്നു. 24 മണിക്കൂറിനിടെ 8171 പുതിയ കേസുകളും 204 മരണവും റിപ്പോർട്ട് ചെയ്തു.ആകെ കേസുകൾ 2,05,096 ആയി . മരണം 5,753 കടന്നു. മഹാരാഷ്ട്രയിൽ 103 പേർ കൂടി മരിച്ചു. 2287 പേർകൂടി രോഗബാധിതരായി.ആകെ കേസുകൾ 72300 .
അതേസമയം കൊവിഡ് പാരമ്യത്തിൽ ഇന്ത്യ എത്തിയിട്ടില്ലെന്ന് ഐ.സി.എം.ആർ അറിയിച്ചു.
സമൂഹവ്യാപനം എന്ന് പറയുന്നതിന് പകരം രോഗവ്യാപനം എത്രത്തോളം എന്ന് മനസിലാക്കുകയാണ് ആദ്യം വേണ്ടതെന്നും ഐ.സി.എം.ആറിലെ വിദഗ്ദ്ധ ഡോ. നിവേദിത ഗുപ്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊവിഡ് പാരമ്യത്തിൽ നിന്ന് ഇന്ത്യ ഇപ്പോഴും ഏറെ അകലെയാണ്. കൊവിഡ് വ്യാപനം തടയാനുള്ള ഇന്ത്യയുടെ ഇടപെടലുകൾ ഫലപ്രദമാണ്. മരണനിരക്ക് കുറയ്ക്കുന്നതിലും മികച്ച നേട്ടമുണ്ടാക്കി. എല്ലാ മരണവും കൊവിഡ് മരണമാകണമെന്നില്ലെന്നും അവർ പറഞ്ഞു.
രാജ്യത്ത് 681 ലബോറട്ടറികളിൽ കൊവിഡ് പരിശോധനാ സൗകര്യമുണ്ട്. ഇതിൽ 205 എണ്ണം സ്വകാര്യമേഖലയിലാണ്. എല്ലാദിവസവും 1.20 ലക്ഷം കൊവിഡ് പരിശോധനകൾ നടത്തുന്നുണ്ടെന്നും ഐ.സി.എം.ആർ അറിയിച്ചു.
കൊവിഡ് വ്യാപന തോത് വിലയിരുത്താൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്രആരോഗ്യമന്ത്രാലയ ജോ.സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് താത്കാലിക കൊവിഡ് സെന്ററുകൾ സ്ഥാപിക്കാം. രാജ്യത്തെ രോഗമുക്തി 48.07 ശതമാനമാണ്. ഇതുവരെ 95, 527 പേർക്ക് രോഗം ഭേദമായി.മരണം 2.82 ശതമാനമാണ്. ഇന്ത്യയിലെ കൊവിഡ് മരണത്തിൽ 73 ശതമാനത്തിനും മറ്റു ഗുരുതരരോഗങ്ങൾ കൂടിയുണ്ടായിരുന്നെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
തമിഴ്നാട്ടിൽ 1091 രോഗികൾ
തമിഴ്നാട്ടിൽ 1091 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ കേസുകൾ 24,586. 13 പേർകൂടി മരിച്ചതോടെ ആകെ മരണം 197 ആയി. ഗുജറാത്തിൽ 29 മരണവും 415 പുതിയ കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 17632 ആയി.
കൊവിഡ് രോഗികൾ ചികിത്സയിലില്ലാതിരുന്ന ഏക സംസ്ഥാനമായ മിസോറാമിൽ ഇന്നലെ 12 പുതിയ കൊവിഡ് രോഗികൾ
ജമ്മുകാശ്മീരിൽ 177, ഹരിയാന 296, പഞ്ചാബ് 41, പശ്ചിമബംഗാൾ 396,ബീഹാർ 104, ആന്ധ്രാപ്രദേശ് 115, ഒഡിഷ 141,അസം 28,ഉത്തരാഖണ്ഡ് 40,ജാർഖണ്ഡ് 14,ത്രിപുര 23,രാജസ്ഥാൻ 273, യു.പി 348 , മദ്ധ്യപ്രദേശ് 137 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ കണക്ക്.
എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയിലെ നാലു ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വ്യോമയാന മന്ത്രാലയം, എയർപോർട്ട് അതോറ്റി ഒഫ് ഇന്ത്യ എന്നിവയുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന ഡൽഹിയിലെ രാജീവ് ഗാന്ധി ഭവൻ വീണ്ടും അടച്ചു.
ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികൾക്ക് അടിയന്തരഘട്ടത്തിൽആന്റിവൈറൽ മരുന്നായ റെംഡെസിവിർ നൽകാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ അനുമതി നൽകി.