fire
FIRE

ന്യൂഡൽഹി:അയൽവാസിയായ പെൺകുട്ടിയുമായി അടുപ്പത്തിലാണെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ പ്രതാപ്ഘട്ടിൽ യുവാവിനെ മരത്തിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. അംബിക പ്രസാദ് പട്ടേൽ (25) എന്ന യുവാവിനെ ആൾക്കൂട്ടം കൊന്നത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗ്രാമത്തിലുള്ള ഒരു പെൺകുട്ടിയുമായി ഒരു വർഷത്തോളമായി അംബികാ പ്രസാദ് അടുപ്പത്തിലായിരുന്നതായി പൊലീസ് പറയുന്നു. എന്നാൽ പെൺകുട്ടിയുടെ കുടുംബം ഈ ബന്ധത്തെ എതിർത്തു.മാസങ്ങൾക്ക് മുമ്പ് യുവാവിന് പൊലീസ് കോൺസ്റ്റബിളായി ജോലി ലഭിച്ചു. എന്നാൽ പെൺകുട്ടിയുടെ കുടുംബത്തിന്റെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. അടുത്തിടെ ഈ പെൺകുട്ടിയുമായുള്ള സ്വകാര്യ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്ക് വച്ചെന്ന് ആരോപിച്ച് പെൺകുട്ടിയുടെ വീട്ടുകാർ ഇയാൾക്കെതിരെ കോടതിയിൽ കേസ് നൽകിയിരുന്നു. സംഭവത്തിൽ അറസ്റ്റിലായ യുവാവ് ജയിലിലുമായി. എന്നാൽ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെയ് ഒന്നിന് പരോൾ ലഭിച്ച് പുറത്തിറങ്ങി. ഇതിനിടെ തിങ്കളാഴ്ച രാത്രി യുവാവിന്റ വീട്ടിലേക്ക് ഇരച്ചെത്തിയ ആൾക്കാർ യുവാവിനെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടു പോവുകയായിരുന്നു. തുടർന്ന് മരത്തിൽ കെട്ടിയിട്ട് ജീവനോടെ തീ കൊളുത്തി.

സംഭവമറിഞ്ഞ് ഗ്രാമത്തിലെത്തിയ പൊലീസ് സംഘത്തിന് നേരേയും ആക്രമണമുണ്ടായി. രണ്ട് പൊലീസ് വാഹനങ്ങളും ബൈക്കും അക്രമികൾ അഗ്‌നിക്കിരയാക്കി. പൊലീസുകാർക്കും പരിക്കേറ്റു.അതിനിടെ യുവാവിന്റെ കൊലപാതകത്തിൽ പെൺകുട്ടിയുടെ അച്ഛനടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സംഘർഷത്തെ തുടർന്ന് ഗ്രാമത്തിൽ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.