ന്യൂഡൽഹി: രാജ്യത്തെ ആശങ്കയിലാക്കി പരിശോധിക്കുന്ന സാമ്പിളുകളിൽ 5 ശതമാനത്തിന് കൊവിഡ് പോസിറ്റീവാകുന്നു. ജൂൺ ഒന്നുവരെയുള്ള കണക്കാണിത്. നേരത്തെയിത് 4.6 ശതമാനമായിരുന്നു. പോസിറ്റീവ് തോത് വർദ്ധിക്കുന്നത് ആശങ്കാജനകമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ദേശീയ ശരാശരിയെക്കാൾ ഉയർന്ന നിരക്കാണ് മഹാരാഷ്ട്ര,ഡൽഹി,ഗുജറാത്ത്, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലുള്ളത്. സംസ്ഥാന അടിസ്ഥാനത്തിൽ ഡൽഹിയാണ് മുന്നിൽ - 25.7 ശതമാനം.
തെലങ്കാന 20.2 ശതമാനം, മഹാരാഷ്ട്ര 19.85 ശതമാനം, ഗുജറാത്ത് 11.8 ശതമാനം, തമിഴ്‌നാട് 10.3 ശതമാനം എന്നിങ്ങനെയാണ് പോസിറ്റീവ് തോത്. പുതുതായി ബീഹാറിലും ഉത്തരാഖണ്ഡിലും പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്നുണ്ട്.
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മേയ് 22ന് കൊവിഡ് രൂക്ഷമായ 25 ജില്ലകളാണ് രാജ്യത്തുണ്ടായിരുന്നത്. ഇത് ജൂൺ ഒന്നിന് 17 ആയി കുറഞ്ഞു. മഹാരാഷ്ട്രയിലെ 5, ഡൽഹിയിലെ 9, ഗുജറാത്ത്,തമിഴ്നാട്, ഹരിയാന എന്നിവിടങ്ങളിലെ ഒന്നു വീതം ജില്ലകളിലാണ് നിലവിൽ കൊവിഡ് അതിരൂക്ഷം.
മുംബയ് സബർബൻ ജില്ലയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പോസിറ്റീവ് തോത്. 44.4 ശതമാനം.
തെക്ക് കിഴക്കൻ ഡൽഹിയാണ് രണ്ടാമത്. 43.9 ശതമാനം.
മൂന്നു നഗരങ്ങളിൽ സർവേ
കൊവിഡ് രൂക്ഷമായ ഡൽഹി, മുംബയ്, അഹമ്മദാബാദ് നഗരങ്ങളിൽ രോഗവ്യാപനം എത്രത്തോളമുണ്ടെന്നറിയാൻ കേന്ദ്രം സർവേ നടത്തും. ഡൽഹിയിൽ ജൂൺ ഒന്നുവരെയുള്ള കണക്ക് പ്രകാരം 2,17,537 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 10 ശതമാനത്തിന് കൊവിഡ് പൊസിറ്റീവായി. ദേശീയ ശരാശരിയുടെ ഇരട്ടി. ഡൽഹിയിൽ12 ദിവസമാകുമ്പോൾ കേസ് ഇരട്ടിയാകുന്നു. മുംബയിൽ 20 ശതമാനമാണ് പോസിറ്റീവ് തോത്. ഏപ്രിൽ മദ്ധ്യത്തിൽ ഇത് 6 ശതമാനമായിരുന്നു. ഗുജറാത്തിൽ 2,15,279 സാമ്പിളുകൾ പരിശോധിച്ചതിൽ 7 ശതമാനം പോസിറ്റീവാണ്.