ട്രംപിന്റെ ക്ഷണം മോദി സ്വീകരിച്ചു
ന്യൂഡൽഹി: ജി 7 ഉച്ചകോടിയിൽ തുടർച്ചയായി രണ്ടാം വട്ടവും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം ലഭിക്കുന്നത് ഇന്ത്യയെ വളർന്നുവരുന്ന സാമ്പത്തിക ശക്തിയായി ലോകം അംഗീകരിക്കുന്നതിന്റെ തെളിവാണെന്ന് കേന്ദ്രസർക്കാർ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ടെലഫോണിൽ നടത്തിയ ചർച്ചയ്‌ക്കിടെയാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മോദിയെ ക്ഷണിച്ചത്
ഇക്കൊല്ലം അവസാനം അമേരിക്കയിലാണ് ഉച്ചകോടി. ട്രംപിന്റെ ക്ഷണം സ്വീകരിച്ച മോദി യു.എസിനും മറ്റു രാജ്യങ്ങൾക്കും ഒപ്പം പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും ചൂണ്ടിക്കാട്ടി.
2019ൽ ഫ്രാൻസിൽ നടന്ന ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ ക്ഷണപ്രകാരം മോദി പങ്കെടുത്തിരുന്നു.
കാലഹരണപ്പെട്ട ജി 7കൂട്ടായ്‌മ വിപുലീകരിക്കണമെന്ന് കഴിഞ്ഞയാഴ്‌ച ട്രംപ് പ്രസ്‌താവിച്ചിരുന്നു. ഇന്ത്യ, ആസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി ജി 10 ആയോ റഷ്യയെ കൂടി ഉൾപ്പെടുത്തി ജി11ആയോ വിപുലീകരിക്കണമെന്നാണ് ട്രംപ് സൂചിപ്പിച്ചത്. യു. എസ് ഉച്ചകോടിയിൽ ഇന്ത്യയെ ജി 7ൽ സ്ഥിരമാക്കുമോ അതോ ജി 11 കൂട്ടായ്‌മ പ്രഖ്യാപിക്കുമോ എന്ന് ഇന്ത്യ പരിശോധിച്ചു വരികയാണ്.
ചൈനയുടെയും മറ്റും വെല്ലുവിളി നേരിടാൻ കൂടുതൽ വേദികൾ സൃഷ്‌ടിക്കുകയാണ് യു.എസിന്റെ ലക്ഷ്യം.
ഈ മാസം 10 - 12 ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന ജി 7 ഉച്ചകോടി കൊവിഡ് കാരണം നീട്ടിവച്ചതാണ്.
ലോകരാജ്യങ്ങൾ ഇന്ത്യയ്‌ക്ക് നൽകുന്ന അംഗീകാരം ചൂണ്ടിക്കാട്ടി പ്രതിപക്ഷവിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. ചില ജി 7 രാജ്യങ്ങളെക്കാൾ സാമ്പത്തിക വളർച്ച ഇന്ത്യയ്‌ക്കുണ്ട്. ആഗോളതലത്തിൽ ഇന്ത്യ അവഗണിക്കാനാവാത്ത ശക്തിയാണ്. കൊവിഡ് പ്രതിസന്ധിയിൽ വികസിത രാജ്യങ്ങൾ പോലും പതറുമ്പോൾ സ്വയംപര്യാപ്‌തതയിൽ ഊന്നിയ വളർച്ച സാദ്ധ്യമാണെന്നും കേന്ദ്രസർക്കാർ കരുതുന്നു.
ഫോൺ സംഭാഷണത്തിൽ ചൈനയും
കൊവിഡ്, ഇന്ത്യ - ചൈന അതിർത്തി സംഘർഷം, യു.എസിലെ കറുത്ത വർഗക്കാരുടെ പ്രതിഷേധം, ലോകാരോഗ്യ സംഘടന വിപുലീകരിക്കൽ തുടങ്ങിയ വിഷയങ്ങളും മോദിയും ട്രംപും ഫോണിൽ ചർച്ച ചെയ്തു. ചൈനാ വിഷയം മോദിയുമായി ചർച്ച ചെയ്‌തെന്ന ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്‌താവന ഇന്ത്യ നിഷേധിച്ചിരുന്നു.ആഭ്യന്തര ലഹളയും ചൈനയുമായുള്ള തർക്കവും ഇന്ത്യൻ പ്രധാനമന്ത്രിയും യു.എസ് പ്രസിഡന്റും ചർച്ച ചെയ്യുന്നത് ഊഷ്‌മളമായ ബന്ധത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ജി 7 കൂട്ടായ്‌മ
അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ
സ്ഥാപിച്ചത് 1975ൽ
കാനഡ അംഗമായത് 1976ൽ
1997ൽ റഷ്യ അംഗമായതു മുതൽ ജി 8 ആയി.
ഉക്രെയിന്റെ ഭാഗമായിരുന്ന ക്രിമിയ പിടിച്ചടക്കിയതിനെ തുടർന്ന് 2014ൽ റഷ്യയുടെ അംഗത്വം സസ്പെൻഡ് ചെയ്‌തു. വീണ്ടും ജി 7.