ന്യൂഡൽഹി: കാർഷിക ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ സഹായിക്കുന്നതിന് 1955ലെ അവശ്യവസ്‌തു നിയമ ഭേഗതി അടക്കം മൂന്ന് സുപ്രധാന ഓർഡിനൻസുകൾക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച ആത്മനിർഭര ഭാരത പാക്കേജ് നടപ്പാക്കാൻ ചേർന്ന രണ്ടാമത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കാർഷികോത്പന്നങ്ങളുടെ വിപണനം സുഗമമാക്കാൻ ഒറ്റരാജ്യം ഒറ്റ കാർഷിക മാർക്കറ്റ് നടപ്പാക്കാനും കൃഷിയിടങ്ങളുടെ ജപ്‌തി, വില്പന, ഈടുവയ്‌പ് എന്നിവ തടയാനുമുള്ള വ്യവസ്ഥകൾ നിയമത്തിലുണ്ട്.
ഓർഡിനൻസുകൾ ഇവ
1. 1955ലെ അവശ്യവസ്തു
നിയമത്തിൽ ഭേദഗതി
ധാന്യങ്ങൾ, ഭക്ഷ്യ എണ്ണകൾ, എണ്ണക്കുരുക്കൾ, പയർ വർഗങ്ങൾ, ഉള്ളി, ഉരുളക്കിഴക്ക് എന്നിവയെ അവശ്യവസ്‌തു നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കി. ഇവയുടെ ഉത്പാദനം, വില്പന, സംഭരണം എന്നിവയ്‌ക്ക് നിയന്ത്രണമില്ല.
കൂടുതൽ സ്വകാര്യ നിക്ഷേപത്തിനും വിദേശ നിക്ഷേപത്തിനും വഴിതെളിയും. കോൾഡ് സ്‌റ്റോറേജ്, വിതരണ ശൃംഖലയുടെ ആധുനികവത്‌കരണം തുടങ്ങിയ സൗകര്യങ്ങൾ വരും.
ദേശീയ ദുരന്തം, വിലക്കയറ്റം, ക്ഷാമം തുടങ്ങിയ അസാധാരണ സാഹചര്യങ്ങളിൽ ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ നിയന്ത്രണമുണ്ടാകും
2. കാർഷിക ഉത്പന്ന വിപണനം,
വാണിജ്യ പ്രോത്സാഹനം
ഒരു രാജ്യം, ഒരു കാർഷിക മാർക്കറ്റ് ആശയം: കർഷകർക്ക് നല്ല വിലയുറപ്പാക്കാനും നിക്ഷേപം ആകർഷിക്കാനും വിപണന സമിതികളിലെ ലൈസൻസികൾക്ക് മാത്രമേ ഉത്പന്നങ്ങൾ വിൽക്കാവൂ എന്ന നിബന്ധനയിൽ ഇളവ്
ഉത്പന്നങ്ങളുടെ ലഭ്യതയും വിലയും ഉറപ്പാക്കി കർഷകന് വിപണി തിരഞ്ഞെടുക്കാം
അന്തർ സംസ്ഥാന കടത്ത് സുഗമമാക്കൽ, ഇ ട്രേഡിംഗ്
കാർഷിക ഉത്പന്നങ്ങളുടെ വിലയും ഗുണവും ഉറപ്പാക്കും
കാർഷിക ഉത്പന്നങ്ങൾക്ക് സെസ്, ലെവി ഈടാക്കില്ല
3. കാർഷിക ശാക്തീകരണം,
സംരക്ഷണം
വിത്ത് വിതയ്ക്കുമ്പോൾ തന്നെ വിളകളുടെ വില നിർണയിക്കുന്ന സംവിധാനം. ഉത്പാദകർ, സംഭരിക്കുന്നവർ, ചില്ലറ വ്യാപാരികൾ, കയറ്റുമതിക്കാർ എന്നിവരുമായി കർഷകർക്ക് നേരിട്ട് സുതാര്യമായ ഇടപാട് സാദ്ധ്യമാക്കും.
പ്രധാന വ്യവസ്ഥകൾ
വിത്ത് വിലയിലെ അനിശ്ചിതത്വം ഒഴിവാക്കൽ, നഷ്ടം സ്‌പോൺസർ ഏറ്റെടുക്കൽ, വരുമാനം ഉറപ്പാക്കൽ, നിക്ഷേപം ആകർഷിക്കൽ, വിളകൾക്ക് ഗുണനിലവാരം ഉറപ്പിക്കൽ, ആധുനിക സാങ്കേതിക വിദ്യ, ഇടനിലക്കാരില്ലാതെ വിപണനം, ചൂഷണം ഇല്ലാതാക്കൽ, കൃഷിയിടങ്ങൾ വിൽക്കുന്നതിനും ഈടിനു നൽകുന്നതിനും വിലക്ക്, ജപ്‌തിയിൽ നിന്ന് രക്ഷ, തർക്ക പരിഹാര നടപടികൾ.