local-self-govermen

ന്യൂഡൽഹി: കൊവിഡ് സാഹചര്യത്തിൽ വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കാത്ത വിധത്തിൽ അദ്ധ്യയനവർഷം പുന:ക്രമീകരിക്കണമെന്നും, എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമുള്ളയിടങ്ങളിൽ മാത്രമേ താത്കാലികമായിപ്പോലും ഓൺലൈൻ പഠനരീതി നടപ്പാക്കാവൂവെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

പരമ്പരാഗത വിദ്യാഭ്യാസരീതിക്ക് ബദലായി ഡിജിറ്റൽ വിദ്യാഭ്യാസം അടിച്ചേൽപ്പിക്കരുത്. വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റൽ വിഭജനം സൃഷ്ടിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങളെ എതിർക്കുമെന്നും ആദ്യ വെർച്ചൽ പി.ബി യോഗശേഷമുള്ള വാർത്താസമ്മേളനത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

അക്കാഡമിക് വർഷാവസാനത്തിൽ പരീക്ഷകൾ നടക്കാനിരിക്കെ കൊവിഡ് സാഹചര്യമുണ്ടായത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ചു. എന്നാൽ, ലോക്ക് ഡൗണിന്റെ മറവിൽ പാർലമെന്റ് അംഗീകരിക്കാത്ത പിന്തിരിപ്പൻ വിദ്യാഭ്യാസനയവും ഡിജിറ്റൽ വിദ്യാഭ്യാസവും അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രസർക്കാർ. . കൊവിഡ്പശ്ചാത്തലത്തിൽ സ്വതന്ത്ര സോഫ്ട് വെയർ അടിസ്ഥാനമാക്കി 'ബിഗ് ബ്ലൂ ബട്ടൺ ' ആപ്പ് ഉപയോഗിച്ചുള്ള സി.പി.എമ്മിൻറെ ആദ്യ വെർച്വൽ പൊളിറ്റ്ബ്യൂറോ യോഗമാണ് കഴിഞ്ഞദിവസം ചേർന്നത്. ഇതേ മാതൃകയിൽ ജൂലായിൽ കേന്ദ്രകമ്മിറ്റി യോഗം ചേരും.