ന്യൂഡൽഹി: കൊൽക്കത്ത തുറമുഖത്തിന് ബി.ജെ.പി സ്ഥാപക നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്യാമ പ്രസാദ് മുഖർജിയുടെ പേരു നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. തുറമുഖ ട്രസ്‌റ്റ് ബോർഡ് ഇതിന് കഴിഞ്ഞ ഫെബ്രുവരിയിൽ അനുമതി നൽകിയിരുന്നു. പശ്ചിമബംഗാളിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിച്ച നേതാവും ദേശീയോദ്ഗ്രഥനത്തിന്റെ മുന്നണി പോരാളിയുമായ മുഖർജിയുടെ പേര് തുറമുഖത്തിനിടുന്നത് എന്തുകൊണ്ടും അനയോജ്യമാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. രാജ്യത്ത് മറ്റു തുറമുഖങ്ങൾക്കും നേതാക്കളുടെ പേരു നൽകിയിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.നവിമുംബയിലെ നാവാശേവാ തുറമുഖത്തിന് ജവഹർലാൽ നെഹ്റുവിന്റെ പേരും തുത്തുക്കുടി തുറമുഖത്തിന് ചിദംബരനാറിന്റെയും എന്നൂർ തുറമുഖത്തിന് കാമരാജരുടെയും കണ്ട്ല തുറമുഖത്തിന് ദീൻദയാൽ ഉപാദ്ധ്യയുടെയും പേരു നൽകിയിട്ടുണ്ട്.