visa

ന്യൂഡൽഹി: വിദേശത്തു നിന്നുള്ള ആരോഗ്യ പ്രവർത്തകർക്കും എൻജിനീയർമാർ അടക്കം സാങ്കേതിക പ്രവർത്തകർക്കും ഇന്ത്യയിലേക്ക് വരാൻ വിസ നിയന്ത്രണങ്ങളിൽ വിദേശ മന്ത്രാലയം ഇളവു നൽകി. കൊവിഡ് കാരണം വിസ അനുവദിക്കുന്നത് പൂർണമായി നിറുത്തിവച്ചിരുന്നു. നോൺ ഷെഡ്യൂൾഡ് വിമാനങ്ങളിലും ചാർട്ടേഡ് വിമാനങ്ങളിലും എത്തുന്ന വിദേശ ബിസിനസുകാർ, ഇന്ത്യയിൽ നിന്നുള്ള ക്ഷണപ്രകാരം വരുന്ന വിദേശ ആരോഗ്യ പ്രവർത്തകർ, എൻജിനീയർമാർ, ഗവേഷകർ, മരുന്നു കമ്പനികളിലെ സാങ്കേതിക പ്രവർത്തകർ, വിദേശ കമ്പനികളുടെ ഇന്ത്യയിലെ ഫാക്‌ടറി യൂണിറ്റുകളിലേക്ക് വരുന്ന മെക്കാനിക്കുകൾ, സാങ്കേതിക പ്രവർത്തകർ, വിദേശ നിർമ്മിത യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായി വരുന്ന വിദേശികൾ തുടങ്ങിയവർക്കാണ് വിസ നിയന്ത്രണത്തിൽ ഇളവ്. കായിക മേഖലയുമായി ബന്ധപ്പെട്ട ബി-3 വിസകൾ ഒഴികെയുള്ള ബിസിനസ് വിസകളാണ് നൽകുക. നേരത്തെ അനുവദിച്ച വിസകൾക്ക് സാധുതയുണ്ടാകില്ല.