ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിലെ കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ ജീവനക്കാരൻ അങ്കിത് ശർമ്മയെ കൊലപ്പെടുത്തിയതിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്ന് ഡൽഹി പൊലീസിന്റെ കുറ്റപത്രം. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കലാപമുണ്ടാക്കൽ, മതവിദ്വേഷമുണ്ടാക്കൽ, ക്രിമിനൽ ഗൂഢാലോചന, തെളിവുനശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെയുള്ള 10 പേർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ചാന്ദ്ബാഗ് സ്വദേശിയായ അങ്കിത് ശർമ്മ പ്രദേശത്ത് സുപരിചിതനായിരുന്നു. സമീപത്തെ 4 വയസുകാരൻ അക്രമത്തിൽ കൊല്ലപ്പെട്ടതാണ് വിദ്വേഷത്തിന് കാരണം. അങ്കിത്തിനെ കൊല്ലാൻ താഹിർ ഹുസൈന്റെ നേതൃത്വത്തിലുള്ള അക്രമിസംഘം ലക്ഷ്യമിട്ടു. സൽമാൻ എന്ന ഹസീനാണ് കൃത്യം നടത്തിയത്. അങ്കിത് ശർമ്മയുടെ ശരീരത്തിൽ 51 വെട്ടേറ്റിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലിൽ താഴ്ത്തി. സമീപത്തെ വീടിനു മുകളിൽ നിന്ന് ഒരാൾ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ട്. ചുവന്ന ഷർട്ട് ധരിച്ച ഒരാൾ കൃത്യത്തിൽ പങ്കെടുക്കുന്നത് ഈ ദൃശ്യങ്ങളിലുണ്ട്. താഹിർ ഹുസൈന്റെ വീട്ടിൽ നിന്ന് ചുവന്ന നിറത്തിലുള്ള ഷർട്ട് കണ്ടെത്തിയിരുന്നു. മൃതദേഹം താനും സംഘാംഗങ്ങളും ചേർന്ന് അഴുക്കുചാലിൽ തള്ളിയെന്ന് താഹിർ ഹുസൈൻ കുറ്റസമ്മതം നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം മെട്രൊപ്പൊളിറ്റൻ മജിസ്‌ട്രേറ്റ് ജൂൺ 16ന് പരിഗണിക്കും.