couple

ന്യൂഡൽഹി:ഒളിച്ചോടി വിവാഹം കഴിച്ചതിന് ശേഷം സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ച ദമ്പതികൾക്ക് മാസ്‌ക് ധരിക്കാത്തതിന് 10,000 രൂപ പിഴ ചുമത്തി പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി.ജസ്റ്റിസ് ഹരിപാൽ ശർമയാണ് നവദമ്പതികൾക്ക് പിഴചുമത്തിയത്.

ഒരാഴ്തമുൻപാണ് പഞ്ചാബിലെ ഗുർദാസ്പൂരിൽ നിന്ന് ഒളിച്ചോടി യുവതിയും യുവാവും വിവാഹിതരായത്. ശേഷം സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് വിവാഹം കഴിച്ചതിന് തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ടു. വിവാഹച്ചടങ്ങുകളുടെ ഫോട്ടോകൾ ഹർജിക്കാർ സമർപ്പിച്ചു.

ഫോട്ടോകൾ പരിശോധിച്ച ജഡ്ജി ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു. ഒപ്പം മാസ്‌ക് ധരിക്കാതെ വിവാഹച്ചടങ്ങുകൾ നടത്തിയതിനുള്ള പിഴയായി പതിനായിരം രൂപ ഒടുക്കാനും ഉത്തരവിട്ടു. പതിനഞ്ചു ദിവസങ്ങൾക്കുള്ളിൽ ഈ തുക ഹോഷിയാർപുർ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ അടക്കണം.പിഴത്തുക ആരോഗ്യപ്രവർത്തകർക്ക് മാസ്‌കുകൾ വാങ്ങാൻ പ്രയോജനപ്പെടുത്തണം എന്നും ജഡ്ജി വിധിച്ചു.

പരാതിക്കാരുടെ ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും ഒരു വിഘാതവും ഉണ്ടാകാത്ത വിധത്തിൽ ഈ കേസിന് ഒരു പരിഹാരം കാണാൻ ഗുർദാസ്പൂർ എസ്. പിയോട് നിർദേശിച്ചുകൊണ്ടാണ് ജസ്റ്റിസ് ഹരിപാൽ വർമ കോടതി കേസ് തീർപ്പാക്കിയത്.