ന്യൂഡൽഹി: ആറ് മാസത്തെ മോറട്ടോറിയം കാലയളവിൽ വായ്പകളുടെ പലിശ നിർബന്ധിച്ച് എഴുതിത്തള്ളുന്നത് ബാങ്കുകൾക്ക് രണ്ട് ലക്ഷം കോടി രൂപയുടെ നഷ്‌ടമുണ്ടാക്കുമെന്നും അത് രാജ്യത്തിന്റെ മൊത്തം സാമ്പത്തിക സ്ഥിതിയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും റിസർവ് ബാങ്ക് സുപ്രീംകോടതിയെ അറിയിച്ചു.

രണ്ട്ലക്ഷം കോടി രൂപ ജി. ഡി. പിയുടെ ഒരു ശതമാനമാണ്. ഈ തുക എഴുതിത്തള്ളുന്നത് ബാങ്കുകളുടെ ആരോഗ്യത്തെയും സ്ഥിരതയെയും അപകടത്തിലാക്കുമെന്നും നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമാകുമെന്നും റിസർവ് ബാങ്കിന്റെ സത്യവാങ്മൂലത്തിൽ അറിയിച്ചു.

മൊറട്ടോറിയം കാലയളവിൽ വായ്പകൾക്ക് പലിശ ഈടാക്കുന്നത് ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജിക്ക് മറുപടിയായാണ് ആർ.ബി.ഐ. ഇന്നലെ സത്യവാങ്‌മൂലം സമർപ്പിച്ചത്. പലിശ എഴുതിത്തള്ളണമെന്ന ഹർജി അനുവദിക്കരുതെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ചിനോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടു.

മാർച്ചിൽ മൂന്ന് മാസത്തേക്കാണ് ആർ.ബി.ഐ.ആദ്യം മൊറട്ടോറിയം പ്രഖ്യാപിച്ചത്. ലോക്ഡൗൺ നീട്ടിയതോടെ മോറട്ടോറിയത്തിന്റെ കാലാവധി ആറുമാസമാക്കി ഓഗസ്റ്റ് 31 വരെ നീട്ടി. ഈ കാലയളവിൽ തവണ അടവ് ഒഴിവാക്കിയെങ്കിലും പലിശ ഒഴിവാക്കിയില്ല.