scott-morison

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കം തുടരുന്നതിനിടെ സൈനിക താവളങ്ങളും അനുബന്ധ സൗകര്യങ്ങളും പരസ്‌പരം പങ്കിടുന്നതിനുള്ള നിർണായക കരാറിൽ ഇന്ത്യയും ആസ്ട്രേലിയയും ഒപ്പിട്ടു. ഒന്നിച്ചുള്ള സൈനിക അഭ്യാസം, പരിശീലനം, നിർണായക ഘട്ടങ്ങളിൽ സൈനിക താവളങ്ങളിൽ നിന്ന് ഇന്ധനം, ഭക്ഷണം, വെള്ളം എന്നിവ ലഭ്യമാക്കാനും കരാർ വഴിയൊരുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും തമ്മിലുള്ള വിർച്വൽ ഉഭയകക്ഷി ചർച്ചയിൽ ഇന്തോ-പസഫിക് സമുദ്ര സഹകരണം ഉൾപ്പെടെ ഏഴുമേഖലകളിൽ സഹകരിക്കാൻ കരാറുണ്ടാക്കി.

ഇന്ത്യൻ മഹാസമുദ്രം-പസഫിക് മേഖലകളിലെ ചൈനീസ് നാവികസേനാ മേധാവിത്വം ഇല്ലാതാക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. നിലവിൽ യു.എസുമായി സമാനമായ കരാറിൽ ഇന്ത്യ ഒപ്പിട്ടിട്ടുണ്ട്. ചൈനയ്‌ക്കെതിരെ ഇന്ത്യ, യു.എസ്, ആസ്ട്രേലിയ, ജപ്പാൻ അച്ചുതണ്ട് രൂപീകരണത്തിന്റെ ഭാഗമാണിത്.

ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് നീക്കങ്ങൾ ഇന്ത്യയും ആശങ്കയോടെ കാണുന്ന സാഹചര്യത്തിൽ ആസ്ട്രേലിയയുമായുള്ള സഹകരണ കരാർ നിർണായകമാണ്.

ഓസീൻഡക്‌സ് എന്ന പേരിൽ ഇന്ത്യൻ നാവിക സേനയും റോയൽ ആസ്ട്രേലിയൻ നേവിയും കഴിഞ്ഞ കൊല്ലം സംയുക്ത സൈനിക അഭ്യാസം നടത്തിയിരുന്നു.

 ആസ്ട്രേലിയയുമായുള്ള ബന്ധം അതിവേഗം വിപുലമാക്കാൻ ഇന്ത്യ പ്രതിജ്ഞാ ബദ്ധമാണ്. ഇരു രാജ്യങ്ങളുംതമ്മിലുള്ള സഹകരണം ഇന്തോ - പസഫിക് മേഖലയ്‌ക്കാകെ പ്രയോജനപ്പെടും.

-പ്രധാനമന്ത്രി നരേന്ദ്രമോദി

ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം പുതിയ തലത്തിലെത്തി. ഇന്ത്യയുമായുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വാണിജ്യ, വ്യവസായ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കും. കടൽ പങ്കിടുന്നവർ തമ്മിൽ ഉത്തരവാദിത്വങ്ങളും പങ്കിടേണ്ടതുണ്ട്. കടലിന്റെ നന്മയും സുരക്ഷയും പരിഗണിച്ചുകൊണ്ടുള്ള സഹകരണമാണ് ലക്ഷ്യമിടുന്നത്.

- ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ

 പ്രധാന കരാറുകൾ

 ആസ്ട്രേലിയൻ വിദേശ നയരേഖയിൽ ഇന്ത്യ മുഖ്യപങ്കാളി.

 സൈബർ സാങ്കേതിക വിദ്യാ സഹകരണം
 തന്ത്രപ്രധാന ലവണങ്ങളായ ലിത്തിയം, നിയോഡിയം, ഡിസ്‌പ്രോസിയം തുടങ്ങിയവയുടെ ഖനനം, സംസ്‌കരണം എന്നിവയിൽ ധാരണ. നിലവിൽ ഇന്ത്യ തന്ത്രപ്രധാന ലവണങ്ങളുടെ 90ശതമാനവും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

 പ്രതിരോധ ശാസ്‌ത്രം, സാങ്കേതിക വിദ്യ എന്നിവയിലെ സഹകരണം.

 പബ്ളിക് അഡ്മിനിസ്ട്രേഷൻ, ഭരണ പരിഷ്‌കാരം, വൊക്കേഷണൽ വിദ്യാഭ്യാസ പരിശീലനം, ജലവിഭവ മാനേജ്‌മെന്റ് എന്നിവയിലെ സഹകരണം

 ആലിംഗനം നഷ്ടമായി

പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി നടത്തുന്ന ആദ്യ ഉഭയകക്ഷി ചർച്ചയാണിത്. കൊവിഡ് ഭീതി മാറിയ ശേഷം ഇന്ത്യയിലേക്ക് വരണമെന്ന് മോദി ക്ഷണിച്ചു. ആസ്ട്രേലിയയിലെ ഇന്ത്യക്കാരുടെ സുരക്ഷയ്‌ക്കായി കൈക്കൊണ്ട നടപടികൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. നേരിട്ട് കാണാൻ കഴിയാത്തതിനാൽ മോദിയുടെ പ്രശസ്‌തമായ ആലിംഗനം നഷ്‌ടമായെന്നായിരുന്നു മോറിസണിന്റെ കമന്റ്.

ജനുവരിയിലും മേയിലും നിശ്‌ചയിച്ച മോറിസണിന്റെ രണ്ട് സന്ദർശന പരിപാടികൾ റദ്ദാക്കിയിരുന്നു.