elephant-death

ന്യൂഡൽഹി: പാലക്കാട് ഗർഭിണിയായ ആന പടക്കംവച്ച കൈതച്ചക്ക തിന്ന് മരിച്ച സംഭവം ദേശീയ-അന്താരാഷ്‌ട്രത്തിലും ചർച്ചയാകുന്നു. സംഭവത്തെ ചൊല്ലി രാഷ്‌ട്രീയ വാക്ക്‌പോരും മുറുകുകയാണ്.

സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായതോടെയാണ് വിവിധ മേഖലകളിലുള്ളവർ ആനയോട് കാണിച്ച ക്രൂരതയെ അപലപിച്ച് രംഗത്തു വന്നത്. കൊവിഡ് ബാധയ്‌ക്കിടയിലും രണ്ടു ദിവസമായി ദേശീയ മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളുടെ ചുവടുപിടിച്ച് ആന വിഷയം ഇന്നലെ അന്താരാഷ്‌ട്ര തലത്തിലുമെത്തി. വാഷിംഗ്ടൺ പോസ്‌റ്റ്, ന്യൂയോർക്ക് ടൈംസ്, റിപ്പോർട്ട് ഡോർ, ഡെയ്‌ലി മെയിൽ, ഗൾഫ് ന്യൂസ് തുടങ്ങിയ മുൻനിര മാദ്ധ്യമങ്ങളുടെ പ്രിന്റ് ഓൺലൈൻ എഡിഷനുകളിൽ വലിയ വാർത്തയാണ് നൽകിയത്. അന്താരാഷ്‌ട്ര വാർത്താ ഏജൻസിയായ റോയിറ്റർ വാർത്ത റിപ്പോർട്ട് ചെയ്‌തിരുന്നു.

വിഷയത്തിൽ പ്രതികരിക്കാത്ത വയനാട് എംപി രാഹുൽ ഗാന്ധിയെ വിമർശിച്ചും ഉത്തരവാദിത്വം ഏറ്റെടുത്ത് സി.പി.എം മന്ത്രി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടും മൃഗസ്‌നേഹിയും മുൻ കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധി രംഗത്തു വന്നത് വിഷയം രാഷ്ട്രീയരംഗത്തും ചൂടുപിടിപ്പിച്ചു. തുടർന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ ശക്തമായ ഭാഷയിൽ സംഭവത്തെ അപലപിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആന കൊല്ലപ്പെട്ട സംഭവത്തിൽ ബി.ജെ.പി നുണ പ്രചരണം നടത്തി വർഗ്ഗീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലാണ് സംഭവം നടന്നതെന്ന നുണ പ്രചരണം നടത്തി ദാരുണ സംഭവം വഴിതിരിച്ചു വിടാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. പ്രകാശ് ജാവദേക്കറും മനേകാ ഗാന്ധിയും ഈ കുപ്രചാരണം ഏറ്റെടുത്ത് പരസ്യമായ പിന്തുണ നൽകിയെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.