new-delhi

ന്യൂഡൽഹി :രാജ്യതലസ്ഥാനത്തെ കേന്ദ്ര - സംസ്ഥാന ഓഫീസുകളിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചത് നിരവധി പേർക്ക്. പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചതോടെ, സൗത്ത് ബ്ലോക്കിലെ പ്രതിരോധമന്ത്രാലയത്തിന്റെ ഓഫീസ് താത്കാലികമായി അടച്ചു. രണ്ടു ജീവനക്കാർക്ക്​ രോഗം ബാധിച്ചതിനെത്തുടർന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയ ഓഫിസായ ശ്രാംശക്തി ഭവനും അടച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട ഔദ്യോഗിക യോഗങ്ങൾ വീഡിയോ കോൺഫറൻസിംഗ് വഴിയാക്കി. റെയിൽ ഭവൻ, നീതി ആയോഗ്, സേനാ ഭവൻ എന്നിവിടങ്ങളിൽ ജീവനക്കാർക്ക് രോഗം കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് തവണ ഓഫീസുകൾ അടച്ചിട്ടിരുന്നു. ഐ.എൻ.എസ് ബിൽഡിംഗിലെ അഞ്ചാം നിലയിലെ ദൈനിക് ജാഗരൺ പത്രത്തിന്റെ ഓഫീസിൽ ജീവനക്കാർക്ക് രോഗം കണ്ടെത്തിയതിനെത്തുടർന്ന് ഓഫീസ് സീൽവച്ചു.

എയിംസ്​ ആശുപത്രിയിൽ ഇതുവരെ കൊവിഡ്​ സ്​ഥിരീകരിച്ചത്​ 480 ആരോഗ്യ പ്രവർത്തകർക്കാണ്. മൂന്ന് പേർ മരിക്കുകയും ചെയ്‌തു.