ന്യൂഡൽഹി: രണ്ട് കോൺഗ്രസ് എം.എൽ.എമാർ കൂടി രാജിവച്ചതോടെ ഗുജറാത്തിൽ ജൂൺ 19ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ രണ്ടാമത്തെ സ്ഥാനാർത്ഥിയുടെ ജയം അനിശ‌്‌ചിതത്വത്തിലായി. എം.എൽ.എമാരായ ജിത്തു ചൗധരി, അക്ഷയ് പട്ടേൽ എന്നിവരാണ് നിയമസഭാ സ്‌പീക്കർ രാജേന്ദ്ര ത്രിവേദിക്ക് രാജിക്കത്ത് നൽകിയത്.
ഇന്നലത്തെ രാജിയോടെ 182 അംഗ നിയമസഭയിൽ ഇതോടെ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം 62ആയി ചുരുങ്ങി. ഇക്കഴിഞ്ഞ മാർച്ചിൽ ലോക്ക് ണിന് തൊട്ടുമുമ്പ് അഞ്ച് എം.എൽ.എമാർ പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. ഭരണകക്ഷിയായ ബി.ജെ.പിക്ക് 103 എം.എൽ.എമാരുണ്ട്. സംസ്ഥാനത്ത് ഒഴിവു വരുന്ന നാല് രാജ്യസഭാ സീറ്റുകളിൽ ഒരു സ്ഥാനാർത്ഥിക്ക് ജയിക്കാൻ 35 അംഗങ്ങളുടെ വോട്ടു വേണം. രണ്ടു സീറ്റുകളിൽ ജയമുറപ്പായ ബി.ജെ.പിക്ക് മൂന്നാം സീറ്റിന് രണ്ട് ഫസ്‌റ്റ് വോട്ടുകളുടെ കുറവുണ്ട്. രണ്ട് എം.എൽ.എമാർ കൂടി രാജിവച്ചതോടെ കോൺഗ്രസിന് നാല് ഫസ്‌റ്റ് വോട്ടുകളുടെ കുറവായി. മാർച്ച് 26ന് ആദ്യം തീരുമാനിച്ചിരുന്ന തിരഞ്ഞെടുപ്പാണ് ലോക്ക് ഡൗണിനെ തുടർന്ന് ജൂൺ 19ലേക്ക് മാറ്റിയത്.
ബി.ജെ.പി സർക്കാർ കൊവിഡ് പ്രതിരോധത്തിൽ ഉപയോഗിക്കേണ്ട പണം പ്രതിപക്ഷ എം.എൽ.എമാരെ ചാക്കിട്ടു വീഴ്‌ത്താൻ ചെലവിടുകയാണെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അമിത് ചാവ്‌ഡ ആരോപിച്ചു. കോൺഗ്രസിന് എം.എൽ.എമാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തതുകൊണ്ടാണ് രാജിയുണ്ടാകുന്നതെന്ന് ബി.ജെ.പി പ്രസിഡന്റ് ജിത്തു വഗാനി പ്രതികരിച്ചു.