ന്യൂഡൽഹി: കൊവിഡ് 19 ബാധിക്കാതെ തങ്ങളെ സ്വയം സംരക്ഷിക്കാനുള്ള അന്തിമ ഉത്തരവാദിത്തം ഡോക്ടർമാർക്കും നഴ്‌സുമാർക്കും തന്നെയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. കൊവിഡ് ബാധക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണം നൽകണമെന്നും അവരുടെ ചികിത്സ ചെലവുകൾ ഒഴിവാക്കണമെന്നും ഉദയ്‌പൂർ സ്വദേശിയായ ഡോ. ആരുഷി ജെയ്ൻ സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് സുപ്രീംകോടതി വിശദീകരണം തേടി. മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വൈറസ് ബാധയേൽക്കാതിരിക്കാനുള്ള കരുതൽ ആരോഗ്യ പ്രവർത്തകർ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നത്.
ആരോഗ്യപ്രവർത്തകർക്ക് കൊവിഡിൽ നിന്ന് സ്വയം രക്ഷിക്കുന്നതിന് മതിയായ പരിശീലനം നൽകിയിട്ടുണ്ട്. അതിനാൽ, രോഗം ബാധിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം അവർക്കുതന്നെയാണ്. മതിയായ സുരക്ഷാക്രമീകരണങ്ങൾ സ്വീകരിച്ചാൽ, ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടാവാനുള്ള സാദ്ധ്യത ഒരിക്കലും മറ്റുള്ളവരുടേതിനേക്കാൾ ഉയർന്നതാവില്ല. ജോലി സ്ഥലത്ത് പി.പി.ഇ കിറ്റുകൾ ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കിയാൽ രോഗം ബാധിക്കില്ലെന്നും സത്യവാംഗ്മൂലത്തിൽ ചൂണ്ടിക്കാട്ടി. പി.പി.ഇ കിറ്റുകൾ ഉപയോഗിച്ചിട്ടും രോഗബാധ ഉണ്ടായതായി തെളിയിക്കാൻ ഹർജിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.