ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന് ജാമ്യം അനുവദിച്ച കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വിധിയിൽ തെറ്റില്ലെന്നും അതിനാൽ പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നും വിധിച്ചാണ് ജസ്റ്റിസ് ആർ.ഭാനുമതി അദ്ധ്യക്ഷനായ ബഞ്ച് ഹർജി തള്ളിയത്.
പി.ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ ഐ.എൻ.എക്‌സ് മീഡിയ ഗ്രൂപ്പിന് 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ബോർഡിന്റെ ക്ലിയറൻസ് ലഭിച്ചതുമായി ബന്ധപ്പെട്ടതാണ് ഐ.എൻ.എക്‌സ് മീഡിയ കേസ്. കേസിൽ കഴിഞ്ഞ വർഷം ആഗസ്റ്റ് 21ന് അറസ്റ്റിലായ ചിദംബരത്തിന് ഒക്ടോബർ 22 നാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ആരോപണങ്ങളെല്ലാം ചിദംബരം നിഷേധിക്കുകയും ചെയ്തു. രാജ്യം വിടാനോ വിചാരണയിൽനിന്ന് ഒഴിവാകാനോ ശ്രമിക്കുമെന്ന് കരുതുന്നില്ലെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചത്.