ന്യൂഡൽഹി: മാളുകളും ആരാധനാലയങ്ങളും മാർക്കറ്റുകളുമെല്ലാം തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ച് രാജ്യം പൂർണമായി ലോക്ക്ഡൗൺ നീക്കുന്നതിനിടെ കടുത്ത ആശങ്ക ഉയർത്തി, കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും വൻകുതിച്ചാട്ടം. covid19india.org വെബ്സൈറ്റ് പ്രസിദ്ധീകരിച്ച കണക്കുപ്രകാരം നാലു ദിവസത്തിനുള്ളിൽ 36,074 പുതിയ കൊവിഡ് രോഗികളും 956 മരണവും റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 9851 പുതിയ രോഗികളും 273 മരണവും ഉണ്ടായി. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
മാർച്ച് 12നാണ് ഇന്ത്യയിലെ ആദ്യ കൊവിഡ് മരണമുണ്ടാകുന്നത്. 48 ദിവസം കഴിഞ്ഞ് ഏപ്രിൽ 29ന് മരണസംഖ്യ ആയിരം കടന്നു. എന്നാൽ ജൂൺ 1 മുതൽ നാലുവരെ മാത്രം 956 പേർക്ക് ജീവൻ നഷ്ടമമായി. രാജ്യത്തെ ആകെ മരണം 6500ന് അടുത്തായി.
രാജ്യത്തെ കൊവിഡ് കേസുകൾ 25,000 കടക്കാനെടുത്തത് 87 ദിവസമാണ്. എന്നാൽ ഇപ്പോൾ മൂന്നുദിവസം കൊണ്ട് 25,000 കടക്കുന്ന സ്ഥിതിയായി. ജൂൺ 1 മുതൽ നാലുവരെ മാത്രം 36,074 പുതിയ രോഗികൾ. ആകെ കേസുകൾ 2,27,000 കടന്നു.
മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത്,രാജസ്ഥാൻ, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ രൂക്ഷം.
ആക്ടീവ് കേസുകളിൽ ഡൽഹി രണ്ടാമത്
ഡൽഹിയിലും പുതിയ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ആദ്യ 5000 കടക്കാൻ 64 ദിവസം എടുത്തെങ്കിൽ ജൂണിലെ ആദ്യ നാലു ദിവസം മാത്രം 5160 പുതിയ രോഗികൾ. 186 മരണവും.
ആക്ടീവ് കേസുകളിൽ മഹാരാഷ്ട്ര കഴിഞ്ഞാൽ ഡൽഹിയാണ് രണ്ടാമത്. മഹാരാഷ്ട്രയിൽ ജൂൺ 4 വരെ 41,402 ആക്ടീവ് കേസുകളാണുള്ളത്. ഡൽഹിയിൽ ഇത് 14,447 ആണ്. തമിഴ്‌നാട്ടിൽ 12132, ഗുജറാത്തിൽ 4787.
മാർച്ച് 2നാണ് ഡൽഹിയിലെ ആദ്യ കൊവിഡ് കേസ്. ഏപ്രിൽ 11ന് കേസുകൾ ആയിരവും 19ന് 2000വും ആയി. മേയ് 5ന് 5000, മേയ് 18ന് 10,000,ജൂൺ 4ന് 25,000വും കടന്നു. പ്രതിദിനം ആയിരത്തിലേറെ രോഗികൾ. ജൂൺ 2ന് 1298,ജൂൺ 3-1513,ജൂൺ 4-1359 പുതിയ രോഗികളുണ്ടായി.രാജ്യത്തെ കൊവിഡ് ബാധിതരിൽ 11 ശതമാനത്തോളം ഡൽഹിയിലാണ്.
പ്രതിദിന രോഗികളും മരണവും
ജൂൺ 1: 7723 - 200
ജൂൺ 2: 8815 -221
ജൂൺ 3: 9689 -259
ജൂൺ 4: 9847 -275