ayushman

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി നിരക്കിൽ കൊവിഡ് ചികിത്സ ലഭ്യമാക്കിക്കൂടെയെന്ന് സ്വകാര്യ ആശുപത്രികളോട് സുപ്രീംകോടതി ആരാഞ്ഞു.

സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്‌ക്ക് അധിക ഫീസ് ഈടാക്കുന്നുവെന്ന അഭിഭാഷകൻ സച്ചിൻ ജയിന്റെ പൊതുതാൽപര്യ ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് വിശദീകരണം തേടിയത്.

സർക്കാർ ഭൂമി കുറഞ്ഞ നിരക്കിലോ സൗജന്യമായോ സ്വന്തമാക്കി സ്വകാര്യ ആശുപത്രികൾ നിർമ്മിച്ചവരോടാണ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് ചികിത്സ സൗജന്യമാക്കാൻ ആവശ്യപ്പെടുന്നതെന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് പറഞ്ഞു. കേന്ദ്രം ആശുപത്രികൾക്കൊപ്പമല്ല ജനങ്ങൾക്കൊപ്പമാണ് നിൽക്കേണ്ടതെന്ന് പറഞ്ഞ് ഹർജിക്കാരനും കോടതി വാദം അംഗീകരിച്ചു.

സൗജന്യമായി ഭൂമി വാങ്ങി ആശുപത്രിയുണ്ടാക്കിയവരിൽ പലരും ഇന്ന് കഷ്ടത്തിലാണെന്ന് എതിർകക്ഷിയായ മെഡിക്കൽ ഫെഡറേഷന്റെ അഭിഭാഷകൻ ഹരീഷ് സാൽവേ കോടതിയെ അറിയിച്ചു. ആശുപത്രികളുടെ നടത്തിപ്പ് ചെലവ് അധികമാണ്. ആയുഷ്മാൻ പദ്ധതിയുടെ സൗജന്യനിരക്കിൽ ചികിത്സ നൽകുന്നത് അപ്രാപ്യമാണെന്നും സാൽവെ പറഞ്ഞു.

സൗജന്യ ഭൂമിയിൽ നിർമ്മിച്ച ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകണമെന്ന് വ്യവസ്ഥയില്ലെന്ന് കേന്ദ്രവും കോടതിയെ അറിയിച്ചു. വാദം അടുത്തയാഴ്ചത്തേക്ക് മാറ്റി.

കേന്ദ്രത്തിന് നോട്ടീസ്

സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് അധിക ഫീസ് ഈടാക്കുന്നുവെന്ന അവിശേഷ് ഗോയങ്കയുടെ പൊതുതാൽപര്യ ഹർജിയിൽ ജസ്റ്റിസ് അശോക് ഭൂഷണിന്റെ മൂന്നംഗ ബെഞ്ച് കേന്ദ്രത്തിന് നോട്ടീസ് അയച്ചു . അടുത്തയാഴ്ച കേസ് വീണ്ടും പരിഗണിക്കും.സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സയ്‌ക്ക് നിശ്ചിത തുക നിർദേശിക്കണം. ഇതിനായി നോഡൽ ഓഫീസറെ നിയമിക്കണം എന്നിവയാണ് ഹർജിക്കാരന്റെ ആവശ്യം.