covid

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഈ സാമ്പത്തിക വർഷം പുതിയ പദ്ധതികൾക്ക് അനുമതി നൽകുന്നതും അനുമതി ലഭിച്ച പദ്ധതികൾ നടപ്പാക്കുന്നതും മരവിപ്പിക്കാൻ ധനമന്ത്രാലയം വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. പുതിയ പദ്ധതികൾക്ക് ഫണ്ട് അനുവദിക്കൽ, പുതിയ തസ്‌തിക തുടങ്ങിയവയ്‌ക്ക് നിയന്ത്രണമുണ്ടാകും. ആത്മനിർഭർ ഭാരത് , പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജ്‌ന എന്നിവ അടക്കം കൊവിഡ് പ്രതിസന്ധി മറികടക്കാൻ പ്രഖ്യാപിച്ചതും ഇനി പ്രഖ്യാപിക്കുന്നതുമായ പദ്ധതികൾക്ക് നിയന്ത്രണങ്ങൾ ബാധകമല്ല.

വിവിധ മന്ത്രാലയങ്ങൾക്ക് അനുമതി ലഭിച്ച 500 കോടിയിൽ താഴെയുള്ള പദ്ധതികൾ ഈ സാമ്പത്തിക വർഷം നടപ്പാക്കില്ല. നേരത്തെ നടപ്പാക്കിയതും ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതുമായ പദ്ധതികളുടെ കാലാവധി 2021 മാർച്ച് 31വരെ അല്ലെങ്കിൽ 15-ാം ധന കമ്മിഷൻ നിലവിൽ വരുന്ന കാലത്തേക്ക് നീട്ടിയിട്ടുണ്ട്.

കൊവിഡ് മൂലം സാമ്പത്തിക ആവശ്യങ്ങൾ ഏറിയ സാഹചര്യത്തിൽ വിഭവങ്ങൾ വിവേക പൂർവ്വം മുൻഗണനാക്രമത്തിൽ ഉപയോഗിക്കണമെന്ന് മന്ത്രാലയങ്ങൾക്ക് അയച്ച സർക്കുലറിൽ പറയുന്നു. മന്ത്രാലയങ്ങളിൽ നിന്ന് പുതിയ പദ്ധതികൾക്കുള്ള അനുമതിക്കായി നിരവധി അപേക്ഷകൾ വരുന്ന സാഹചര്യത്തിലാണിത്. പുതിയ പദ്ധതികളും ഉപപദ്ധതികളും മരവിപ്പിക്കണം. പുതിയ തസ്‌തികകൾ അനുവദിക്കില്ല. നിലവിലുള്ള പദ്ധതികളുടെ നടത്തിപ്പിനും നിയന്ത്രണമുണ്ടാകും. അത്യാവശ്യമായ പദ്ധതികൾക്ക് മാത്രമേ ഫണ്ട് അനുവദിക്കൂ. ഇതിന് ധനമന്ത്രാലയത്തിന്റെ അനുമതി വേണം. കേന്ദ്ര ബഡ്‌ജറ്റ് വിഹിതം അനുവദിക്കുന്നതിലും ഈ നിയന്ത്രണം ബാധകമാണെന്ന് സർക്കുലർ വ്യക്തമാക്കുന്നു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ പണം കണ്ടെത്താനും ലോക്ക് ഡൗണിൽ വരുമാനത്തിലുണ്ടായ ഇടിവ് കണക്കിലെടുത്തും കൂടുതൽ സാമ്പത്തിക നിയന്ത്രണങ്ങൾ വരുമെന്നാണ് സൂചന.