covid

ന്യൂഡൽഹി: ലോക് ഡൗണിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയതിന് പിന്നാലെ ഗ്രാമീണമേഖലകളിലേക്കും കൊവിഡ് വ്യാപനം. വിവിധ സംസ്ഥാനങ്ങളിലെ പുതിയ കൊവിഡ് ബാധിതരിൽ കൂടുതലും ഗ്രാമീണമേഖലയിലാണ്. രാജ്യത്തെ മുംബയ്, ഡൽഹി, കൽക്കത്ത, ചെന്നൈ, അഹമ്മദാബാദ്, ജയ്‌പൂർ തുടങ്ങിയ നഗരങ്ങളിൽ കൊവിഡ് സ്ഥിതി രൂക്ഷമായി തുടരുന്നതിനിടെയാണ് ഗ്രാമീണമേഖലകളിലേക്കും കൊവിഡ് വ്യാപിക്കുന്നത്.

 ആന്ധ്രാപ്രദേശിൽ ഒരു മാസം മുൻപ് വരെ 90 ശതമാനം കേസുകളും നഗരമേഖലകളിലായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ സംസ്ഥാനത്തുണ്ടായ 1500 ഓളം കേസുകളിൽ 500 രോഗികളും ഗ്രാമീണമേഖലയിലാണ്.ആദിവാസിമേഖലകളിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
 ഒഡിഷയിൽ പുതിയ 80 ശതമാനം കേസുകളും ഗ്രാമീണ മേഖലയിലാണെന്ന് അധികൃതർ വ്യക്തമാക്കി. 11 ജില്ലകളിലായി 4.5 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് മടങ്ങിയെത്തിയത്. മേയ് 2 വരെ ഒരു കേസുമില്ലാതിരുന്ന ഗഞ്ചാം ജില്ലയിൽ നിലവിൽ 499 രോഗികളും മൂന്നുമരണവും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസ് ഈ ജില്ലയിലാണ്.

 ബിഹാറിൽ 20 ലക്ഷത്തോളം പേരാണ് മടങ്ങിയെത്തിയത്. സംസ്ഥാനത്തെ 70 ശതമാനം കേസുകളും ഗ്രാമീണമേഖലയിൽ. ജൂൺ 2 വരെ റിപ്പോർട്ട് ചെയ്ത 4,094 കൊവിഡ് കേസുകളിൽ 2,905 പേരും കുടിയേറ്റ തൊഴിലാളികളാണ്.

 രാജസ്ഥാനിൽ 30 ശതമാനം കേസുകളും ഗ്രാമീണ മേഖലയിൽ. കുടിയേറ്റ തൊഴിലാളികൾ ധാരാളമായി മടങ്ങിയെത്തിയ ദുംഗാർപുർ,ജോധ്പുർ,പാലി തുടങ്ങിയ ജില്ലകളിലും കൊവിഡ് കൂടുന്നു.

 പശ്ചിമബംഗാളിൽ കൽക്കത്തയിലാണ് കൊവിഡ് രൂക്ഷമായിരുന്നത്. എന്നാൽ ആറു ലക്ഷത്തോളം കുടിയേറ്റതൊഴിലാളികൾ മടങ്ങിയെത്തിയതോടെ മാൽഡ,നോർത്ത്, സൗത്ത് ദിജ്‌നാപുർ, ഹൂഗ്ലി, കൂച്ച്ബിഹാർ തുടങ്ങിയ ജില്ലകളിൽ രോഗം വർദ്ധിക്കുകയാണ്.

 ചത്തീസ്ഗഡിൽ മേയ് ഒന്നിന് എട്ടുകൊവിഡ് കേസുകൾ. നിലവിലത് 500 കടന്നു. 2 ലക്ഷത്തിലധികം തൊഴിലാളികൾ സംസ്ഥാനത്തെത്തി.
 ഉത്തർപ്രദേശിൽ 30 ലക്ഷം പേരാണ് ഇതുവരെ മടങ്ങിയെത്തിയത്. ജൂൺ രണ്ടുവരെയുള്ള കണക്കുപ്രകാരം ആക്ടീവ് കേസുകളിൽ 70 ശതമാനം കുടിയേറ്റ തൊഴിലാളികളാണ്.