ന്യൂഡൽഹി:നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന മുഴുവൻ കുടിയേറ്റത്തൊഴിലാളികളേയും 15 ദിവസത്തിനകം റെയിൽ മാർഗമോ റോഡ് മാർഗമോ സ്വദേശങ്ങളിൽ എത്തിക്കണമെന്ന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നിർദ്ദേശം നൽകി. തൊഴിലാളികളുടെ പലായനം അനിശ്ചിതമായി തുടരാൻ പറ്റില്ലെന്നും കോടതി വ്യക്തമാക്കി.
കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥയിൽ കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്.കെ.കൗൾ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. കേസ് ഈ മാസം 9ന് വിധി പറയാൻ മാറ്റി.
ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിൽ കുടിയേറ്റത്തൊഴിലാളികളുടെ പട്ടിക
തയാറാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരെ അവിടെ എത്തിക്കണം. അവർക്ക് ജോലിചെയ്യാൻ സംസ്ഥാനങ്ങൾ അവസരമൊരുക്കണം. ഇതിന്റെ വിദശമായ റിപ്പോർട്ട് സംസ്ഥാനങ്ങൾ കോടതിയിൽ സമർപ്പിക്കണം.
പലർക്കും ടിക്കറ്റ് ബുക്ക് ചെയ്യാനാവുന്നില്ലെന്നും കുടുങ്ങിയ തൊഴിലാളികളുടെ വിശദവിവരം എല്ലാ സംസ്ഥാനങ്ങളും പ്രസിദ്ധപ്പെടുത്തണമെന്നും അഭിഭാഷകൻ അഭിഷേക് സിംഗ്‌വി പറഞ്ഞു.ശ്രമിക് ട്രെയിനുകളിൽ 80 തൊഴിലാളികൾ മരിച്ചെന്നാണ് റിപ്പോർട്ടുകൾ.ലോക്ഡൗണിൽ മൊത്തം 644 തൊഴിലാളികൾ മരിച്ചെന്നും റിപ്പോർട്ടുണ്ടെന്നും സിംഗ്‌വി ചൂണ്ടിക്കാട്ടി.
സാധാരണയാത്രക്കാരോടെന്നപോലെയല്ല തൊഴിലാളികളോട് റെയിൽവേ പെരുമാറുന്നതെന്ന് അഭിഭാഷക ഇന്ദിര ജയ്സിംഗ് വാദിച്ചു. ട്രെയിൻ സമയം രണ്ടാഴ്‌ച മുമ്പ് അറിയിക്കണം. ടിക്കറ്റുകൾ മുൻകൂർ എടുക്കാൻ സൗകര്യം നൽകണം. അപ്പോൾ തൊഴിലാളികളുടെ യാത്ര സുഗമമാകുമെന്നും അവർ പറഞ്ഞു.
കേരളത്തിന് വേണ്ടി അഡ്വ. ജി.പ്രകാശാണ് ഹാജരായത്.
ശ്രമിക് ട്രെയിനിൽ
ആരും മരിച്ചില്ലെന്ന് കേന്ദ്രം
ശ്രമിക് ട്രെയിനുകളിൽ ഒരു തൊഴിലാളിപോലും ഭക്ഷണമോ വെള്ളമോ മരുന്നോ കിട്ടാതെ മരിച്ചിട്ടില്ലെന്ന് കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. മരിച്ചവർ മുൻപ് അസുഖമുണ്ടായിരുന്നവരാണ്. സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത് അനുസരിച്ചേ ട്രെയിൻ അനുവദിക്കാനാകൂ. അല്ലെങ്കിൽ സാമൂഹിക അകലം പാലിക്കാതെ തൊഴിലാളികൾ കൂട്ടത്തോടെ സ്റ്റേഷനിലെത്തും. എത്ര തൊഴിലാളികളെ എത്തിക്കാനുണ്ടെന്നും എത്ര ട്രെയിനുകൾ വേണമെന്നും സംസ്ഥാന സർക്കാരുകൾക്കേ പറയാനാവൂ എന്നും അദ്ദേഹം അറിയിച്ചു.
കൂടുതൽ ക്യാമ്പുകൾകേരളത്തിൽ
ലോക്ക് ഡൗണിനിടെ ദുരിതത്തിലായ അന്യസംസ്ഥാനത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയത് കേരളത്തിലെന്ന് ചീഫ് ലേബർ കമ്മിഷണർ റപ്പോർട്ട്. സാമൂഹിക പ്രവർത്തകൻ വെങ്കടേഷ് നായിക് വിവരാവകാശ നിയമ പ്രകാരം സമർപ്പിച്ച അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം കേന്ദ്ര ചീഫ് ലേബർ കമ്മിഷണറുടെ മറുപടി. ഷെൽട്ടർ ഹോമുകളും ദുരിതാശ്വാസ ക്യാമ്പുകളുമായി 1, 34, 3 84 സ്ഥലങ്ങളാണ് കേരളം 2, 86,846 അന്യസംസ്ഥാനത്തൊഴിലാളികൾക്കായി ഒരുക്കിയതെന്ന് മറുപടിയിൽ പറയുന്നു.