gujarath

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭയിൽ കോൺഗ്രസിന്റെ നില കൂടുതൽ പരുങ്ങലിലാക്കി ഒരു എം.എൽ.എകൂടി രാജിവച്ചു. ജൂൺ 19ന് സംസ്ഥാനത്ത് ഒഴിവ് വരുന്ന നാല് രാജ്യസഭാ സീറ്റുകളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഭരണപക്ഷമായ ബി.ജെ.പി കൂടുതൽ പേരെ ചാക്കിടാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് ബാക്കി എം.എൽ.എമാരെ കോൺഗ്രസ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഇതുവരെ ഏഴ് പാർട്ടി എം.എൽ.എമാർ രാജിവച്ചു.

മോർബിയിൽ നിന്നുള്ള ബ്രിജേഷ് മെർജയാണ് ഇന്നലെ രാജിവച്ചത്. ജിത്തു ചൗധരി, അക്ഷയ് പട്ടേൽ എന്നിവർ കഴിഞ്ഞ ദിവസം നിയമസഭാ സ്‌പീക്കർ രാജേന്ദ്ര ത്രിവേദിക്ക് രാജിക്കത്ത് നൽകിയിരുന്നു. രാജി തുടരുന്ന സാഹചര്യത്തിൽ എം.എൽ.എമാരെ ഏഴുവീതം സംഘങ്ങളായി തിരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇന്നലത്തെ രാജിയോടെ 182 അംഗ നിയമസഭയിൽ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം 61ആയി ചുരുങ്ങി. ഭരണകക്ഷിയായ ബി.ജെ.പിക്ക് 103 എം.എൽ.എമാരുണ്ട്.