ന്യൂഡൽഹി:ലഡാക്ക് അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യയുടെയും ചൈനയുടെയും ഉന്നത സേനാ കമാൻഡർമാർ തമ്മിലുള്ള നിർണായക ചർച്ച ഇന്ന് നടക്കും. ചർച്ചയ്‌ക്കു മുന്നോടിയായി സംഘർഷമേഖലയായ ഗൽവാനിൽ നിന്ന് ചൈന കുറച്ചു സേനയെ പിൻവലിച്ചത് പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നത്.
പാംഗോംഗ് ടിസോ തടാകത്തിന് വടക്കുള്ള ഫിംഗർ 4 പ്രദേശം, ഹോട്ട്‌സ്‌പ്രിംഗ് എന്നറിയപ്പെടുന്ന ഗോഗ്ര, ഗാൽവൻ താഴ്‌വര എന്നിവിടങ്ങളിൽ നിന്ന് സൈനീസ് ചൈന്യം പിൻമാറണമെന്ന്
ലേയിലെ 14ാം കോർ ജനറൽ ഓഫീസർ കമാൻഡിംഗ് ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗ് നേതൃത്വം നൽകുന്ന ഇന്ത്യൻ സംഘം ആവശ്യപ്പെടും. ചർച്ചയ്‌ക്ക് മുന്നോടിയായി യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് ചൈനീസ് സേന രണ്ടുകിലോമീറ്ററും ഇന്ത്യൻ സേന ഒരു കിലോമീറ്ററും പിൻവാങ്ങിയിട്ടുണ്ട്.
പാംഗോംഗ് ടിസോ തടാകക്കരയിലെ ഫിംഗർ 4 പ്രദേശം നിയന്ത്രണ രേഖയാണെന്ന ചൈനീസ് വാദമാണ് പ്രധാന തർക്കം. ഫിംഗർ 4വരെ ചൈന റോഡും നിർമ്മിച്ചിട്ടുണ്ട്. ഇവിടെ നിന്ന് അൽപം മാറി ചൈനീസ് ഭാഗത്തോടു ചേർന്ന ഫിംഗർ എട്ടാണ് അതിർത്തിയായി ഇന്ത്യ പരിഗണിക്കുന്നത്. ഫിംഗർ എട്ടുവരെ ഇന്ത്യൻ സേന പട്രോളിംഗ് നടത്തിയിരുന്നു. ഇപ്പോൾ ഫിംഗർ നാലുവരെ ചൈനീസ് ഭടൻമാർ നിലയുറപ്പിച്ചിട്ടുണ്ട്. മേയ് അഞ്ചിന് ഇവിടെയാണ് ഇരുസേനകളും തമ്മിൽ കൈയാങ്കളിയുണ്ടായത്. ഇരുപക്ഷവും ഇവിടെ കൂടുതൽ സൈനികരെയും പീരങ്കികൾ അടക്കം ആയുധങ്ങളും വിന്ന്യസിച്ചിട്ടുണ്ട്.
അതിർത്തിയിൽ ചൈനയുടെ ഭാഗമായ ചുഷുൽ ഭാഗത്താണ് ചർച്ച. ലഫ്. ജനറൽ ഹരീന്ദർ സിംഗ് നയിക്കുന്ന ഇന്ത്യൻ സംഘത്തിൽ 14-ാം കോറിലെ മേജർ ജനറൽ, ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഒരു ദ്വിഭാഷിയുമുണ്ടാകും. ലെഫ്‌റ്റനന്റ് ജനറൽ തലത്തിൽ നടക്കുന്ന ആദ്യ ചർച്ചയിൽ തന്നെ പരിഹാരമുണ്ടാകുമെന്ന് സൂചനയില്ല. അതേസമയം തുടർ ചർച്ചകൾക്കുള്ള നിർദ്ദേശങ്ങൾ വന്നേക്കാം. ഇന്ത്യ-ചൈനാ അതിർത്തിയിൽ 23 മേഖലകളിൽ തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും മെയ് മാസത്തിനു ശേഷമുള്ള വിഷയങ്ങൾ മാത്രമായിരിക്കും ചർച്ച ചെയ്യുക. മെയ് മാസത്തിനു മുമ്പുള്ള തൽസ്ഥിതി തുടരണമെന്നതാണ് ഇന്ത്യയുടെ ആവശ്യം.