ന്യൂഡൽഹി: ജയിൽപുള്ളികൾക്കിടയിലെ കൊവിഡ് വ്യാപനം തടയുന്നതിനായി ജയിലിലെ തിരക്ക് നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി . അഹമ്മദാബാദ് ഐ.ഐ.എമ്മിലെ മുൻ ഡീൻ ജഗ്ദീപ് എസ്. ചോക്കറിനായി അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. രാജ്യത്തെ ജയിലുകളിലെ സ്ഥിതി വ്യത്യസ്തമാണെന്നും ഒരൊറ്റ ഉത്തരവ് പ്രായോഗികമല്ലെന്നും അതിനാൽ ഹൈക്കോടതികളെ സമീപിക്കാനുമാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഉൾപ്പെട്ട ബെഞ്ചിൻ്റെ നിർദേശം.
കൊവിഡ് വ്യാപനത്തിൻ്റെ തുടക്കത്തിൽ മാർച്ച് 23ന് ജയിലുകളിലെ തിരക്ക് നിയന്ത്രിക്കാൻ ജയിൽപുള്ളികൾക്ക് ആറ് ആഴ്ചവരെ പരോൾ അനുവദിക്കാൻ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു. കോടതി സ്വമേധയാ എടുത്ത കേസിലായിരുന്നു ഉത്തരവ്. എന്നാൽ പരോൾ കാലാവധി കഴിഞ്ഞ് തിരികെ എത്തുന്നവരിൽ പലർക്ക് മഹാരാഷ്ട്രയിലടക്കം കൊവിഡ് സ്ഥിരീകരിച്ചു. ഒപ്പം പുറത്ത് പോയി എത്തിയവർക്ക് ക്വാറൻ്റൈൻ ഒരുക്കുകയടക്കം ഒട്ടേറെ പ്രശ്നങ്ങൾ ജയിൽ വകുപ്പ് അഭിമുഖീകരിക്കേണ്ടിവന്നു.