ന്യൂഡൽഹി: കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്തേക്കുയർന്നു. ഇറ്റലിയെയാണ് ഇന്നലെ മറികടന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പുതിയ വിവരങ്ങൾ പ്രകാരം ഇന്ത്യയിലെ ആകെ കൊവിഡ് കേസുകൾ 2.35 ലക്ഷം കവിഞ്ഞു. 2.34 ലക്ഷം രോഗികളാണ് ഇറ്റലിയിലുള്ളത്. 2.83 ലക്ഷം കേസുകളുള്ള ബ്രിട്ടനാണ് ഇന്ത്യയുടെ തൊട്ടുമുന്നിലുള്ളത്.
ആഗോളപട്ടികയിൽ അമേരിക്കയാണ് മുന്നിൽ. ബ്രസീൽ രണ്ടാമതും റഷ്യ മൂന്നാമതുമാണ്. സ്‌പെയിനാണ് നാലാമത്.
പ്രതിദിന രോഗവ്യാപനത്തിലും മരണത്തിലും ഇന്ത്യ ലോകത്ത് മൂന്നാമതാണ്. അമേരിക്കയും ബ്രസീലുമാണ് ഇന്ത്യയ്ക്ക് മുന്നിൽ. വ്യാഴാഴ്ച ബ്രസീലിൽ 1492മരണവും യു.എസിൽ 1031 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ 273 മരണമാണ് 24 മണിക്കൂറിനിടെയുണ്ടായത്. ബ്രസീലിൽ വ്യാഴാഴ്ച 31890, യു.എസിൽ 22262 പുതിയ രോഗികൾ വ്യാഴാഴ്ചയുണ്ടായി. രണ്ടുദിവസമായി പ്രതിദിനം 9000ത്തിലേറെ പുതിയ രോഗികളാണ് ഇന്ത്യയിലുണ്ടാകുന്നത്.