സ്ത്രീശാക്തീകരണത്തിന് കേന്ദ്ര സർക്കാർ കർമ്മസമിതി രൂപീകരിച്ചു
ന്യൂഡൽഹി:സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21ലേക്ക് മാറ്റുന്നതടക്കം സ്ത്രീ ശാക്തീകരണ നടപടികൾ നിർദേശിക്കാൻ കേന്ദ്ര സർക്കാർ കർമ്മസമിതിയ്‌ക്ക് രൂപം നൽകി. കഴിഞ്ഞ ബഡ്ജറ്റ് പ്രസംഗത്തിലെ നിർദേശാനുസരണമുള്ള സമിതിയുടെ അദ്ധ്യക്ഷ ജയ ജയ്റ്റിലിയാണ്. നീതി ആയോഗ് അംഗം ഡോ.വി.കെ.പോൾ, ആരോഗ്യ , വിദ്യാഭ്യാസ വിദഗദരായ നജ്മ അക് ത്തർ, വസുദ കമ്മത്ത്, ദ്വീപ്തി ഷാ തുടങ്ങിയവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
ആവശ്യമായ നിയമനിർമ്മാണത്തിനെക്കുറിച്ചുൾപ്പടെ അടുത്ത മാസം 31നകം സമിതി റിപ്പോർട്ട് നൽകണം. പുരുഷന്മാരുടേയത് പോലെ സ്ത്രീകളുടെയും വിവാഹപ്രായം 18ൽ നിന്ന് 21 ആക്കണമെന്നാണ് സർക്കാർ തീരുമാനമെന്നാണ് സൂചന. വിവാഹവും ആദ്യഗർഭവും തമ്മിൽ മൂന്ന് വർഷത്തെ അന്തരം ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രാലയവും അഭിപ്രായപ്പെടുന്നു.ശിശുക്കളുടെയും ഗർഭിണികളുടേയും മരണനിരക്ക് കുറയ്‌ക്കാനുള്ള നടപടി,സ്ത്രീകളുടെ ഉന്നതവിദ്യാഭ്യാസം പ്രാത്സാഹിപ്പിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയവും സമിതി ചർച്ചചെയ്യും.
1978ലെ ശാരദാ നിയമം ഭേദഗതി ചെയ്‌താണ് സ്ത്രീകളുടെ വിവാഹപ്രായം 15ൽ നിന്ന് 18ആക്കിയത്.