ന്യൂഡൽഹി: മുൻക്രിക്കറ്റ് താരവും കമന്റേറ്ററുമായ നവ്ജോധ് സിംഗ് സിദ്ധു കോൺഗ്രസ് വിട്ട് ആംആദ്‌മി പാർട്ടിയിൽ ചേരാൻ ഒരുങ്ങുന്നതായി സൂചന. തിരഞ്ഞെടുപ്പ് പ്രചാരണ വിദഗ്‌ദ്ധൻ പ്രശാന്ത് കിഷോറാണ് നീക്കത്തിന് പിന്നിൽ. പ്രശാന്ത് കിഷാർ തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടതും.
പഞ്ചാബ് കോൺഗ്രസ് മുഖ്യമന്ത്രി ക്യാപ്‌ടൻ അമരീന്ദർ സിംഗുമായി ഉടക്കി നിൽക്കുന്ന സിദ്ധുവിനെ 2022ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടിയുടെ മുഖമായി ഉയർത്തിക്കാട്ടാണ് നീക്കം. 2016ൽ ബി.ജെ.പി വിട്ട സമയത്ത് സിദ്ധു ആംആദ്‌മി പാർട്ടിയിൽ ചേരുമെന്ന് ശ്രുതിയുണ്ടായിരുന്നു.
അമരീന്ദർ സിംഗുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച സിദ്ധു പാർട്ടിയുമായി അകന്നു നിൽക്കുകയാണ്. ഡൽഹി, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുകളിൽ പ്രചാരണം നടത്താനുള്ള പാർട്ടി നിർദ്ദേശം അദ്ദേഹം തള്ളിയിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കരുതെന്ന നിർദ്ദേശം സിദ്ധു തള്ളിയതും ക്യാപ്ടനുമായുള്ള തമ്മിലുള്ള ഉടക്ക് വർദ്ധിപ്പിച്ചു.
2017ലെ പഞ്ചാബ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ തന്ത്രങ്ങൾ നടപ്പിലാക്കിയ പ്രശാന്ത് കിഷോർ ഇപ്പോൾ ആംആദ്‌മിക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഡൽഹി തിരഞ്ഞെടുപ്പിലും കിഷോർ ആംആദ്‌മി പാർട്ടിയെ സഹായിച്ചിരുന്നു.