ന്യൂഡൽഹി: രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളെയും നേരിയ ലക്ഷണമുള്ളവരെയും 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യണമെന്ന് ഡൽഹി സർക്കാർ ഉത്തരവിറക്കി. ഡിസ്ചാർജ് വിവരം ജില്ലാ നിരീക്ഷണ ഉദ്യോഗസ്ഥനെ അറിയിക്കണം. എല്ലാ ആശുപത്രികളും ഉത്തരവ് കർശനമായി പാലിക്കണമെന്നും ഇല്ലെങ്കിൽ നിയമ നടപടിയെടുക്കുമെന്നും ആരോഗ്യവകുപ്പ് ഉത്തരവിൽ വ്യക്തമാക്കി. ഡൽഹിയിൽ കൊവിഡ് ഗുരുതരമായവർക്ക് ആശുപത്രിയിൽ കിടക്ക ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായതോടെയാണിത്.
രോഗലക്ഷണമില്ലാത്തവർക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ ആവശ്യമില്ലെന്ന് ഡൽഹി സർക്കാർ നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇത്തരം രോഗികൾ വീട്ടിൽ ഐസൊലേഷനിൽ കഴിഞ്ഞാൽ മതി. വീട്ടിൽ സൗകര്യമില്ലാത്തവരെ കൊവിഡ് സെന്ററിലേക്ക് മാറ്റാം. എന്നാലിത് പാലിക്കാതെ നിരവധിപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കണ്ടെത്തിയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ദിവസേന ആയിരത്തിലേറെ പുതിയ രോഗികളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. കൊവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ വിസമ്മതിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. കിടക്കകളുടെ ലഭ്യത കൃത്യമായി അറിയിക്കാൻ എല്ലാ ആശുപത്രികളിലും ആളുകളെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കിടക്കയ്ക്ക് ക്ഷാമമില്ലെന്നും 5000ത്തോളം ഒഴിവുണ്ടെന്നും ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനും അറിയിച്ചു.