ന്യൂഡൽഹി: കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന ഡൽഹിയിൽ പുറത്തുനിന്നുള്ള രോഗികളെകൂടി അനുവദിച്ചാൽ മൂന്നുദിവസത്തിനുള്ളിൽ ആശുപത്രികൾ നിറയുമെന്ന് വിലയിരുത്തൽ. 5 ദിവസത്തിനിടെ 6490 രോഗികളുണ്ടായി. ഈ പശ്ചാത്തലത്തിൽ ആശുപത്രി സംവിധാനം ഡൽഹിയിലുള്ളവർക്കായി പരിമിതപ്പെടുത്തണമെന്ന് അഞ്ചംഗ ഡോക്ടർമാരുടെ സമിതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. ഒരാഴ്ചത്തേക്ക് അടച്ചിട്ട ഡൽഹി അതിർത്തികൾ തുറക്കാനിരിക്കെയാണിത്.
മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചത് പ്രകാരം ലഭ്യമായ 8645 ബെഡുകളിൽ 4038ലും രോഗികളുണ്ട്. ബാക്കിയുള്ളത് 4,607 ബെഡുകളാണ്. പ്രതിദിനം ആയിരത്തിലേറെ രോഗികളാണ് സംസ്ഥാനത്തുണ്ടാകുന്നത്.
അതിനിടെ സംസ്ഥാനത്തെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളായ അഞ്ച് സർക്കാർ ആശുപത്രികളുടെ ബെഡുകൾ 9000 ആയി വർദ്ധിപ്പിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കി. സ്വകാര്യ ആശുപത്രികളിലെയും പരമാവധി സൗകര്യം കൊവിഡ് ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താൻ ഉത്തരവിറക്കും. കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾക്ക് സമീപമുള്ള അഞ്ച് ഹോട്ടലുകളും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. റെയിൽവെയുടെ ഐസൊലേഷൻ കോച്ചും ഡൽഹിയിൽ ഉപയോഗപ്പെടുത്തും.