amul

ന്യൂഡൽഹി: ചൈനീസ് ഉത്പന്നങ്ങളെ ബഹിഷ്‌കരിക്കണമെന്ന പ്രചാരണത്തിന്റെ പേരിൽ അമുൽ കമ്പനിയുടെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചു. തുടർന്ന് പ്രതിഷേധം ശക്തമായപ്പോൾ പുനഃസ്ഥാപിച്ചു. 'എക്‌സിറ്റ് ഡ്രാഗൺ" എന്നതലക്കെട്ടിൽ അമുലിന്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്‌റ്റ് ചെയ്‌ത പരസ്യമാണ് പ്രശ്‌നമായത്.

ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി പരസ്യം തയ്യാറാക്കുന്ന അമുൽ ടോപിക്കൽസ് പ്രധാനമന്ത്രിയുടെ ആത്മനിർഭർ അഭിയാൻ പദ്ധതിയുടെ ചുവടുപിടിച്ച് സ്വദേശി ഉൽപന്നങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ടാണ് ട്വിറ്ററിൽ ചിത്രമിട്ടത്. അമുൽ പരസ്യങ്ങളിലെ സ്ഥിരസാന്നിധ്യമായ പെൺകുട്ടി ദേശീയ പതാകയേന്തി ചൈനീസ് ദേശീയ ചിഹ്നമായ വ്യാളിയോട് മാറാൻ ആവശ്യപ്പെടുന്ന രീതിയിലാണ് ചിത്രം. ചൈനീസ് ആപ്പായ ടിക് ടോക്കിന്റെ ചിത്രവും പശ്‌ചാത്തലത്തിലുണ്ട്.

ജൂൺ മൂന്നിനാണ് ചിത്രം പോസ്‌റ്റു ചെയ്‌തത്. ജൂൺ നാലിന് രാത്രി ട്വിറ്റർ അക്കൗണ്ട് പ്രവർത്തന രഹിതമായി. ട്വിറ്ററിൽ അടക്കം സമൂഹമാദ്ധ്യമങ്ങളിൽ ഇതിനെതിരെ പ്രതിഷേധമുയർന്നതോടെ അഞ്ചിന് അക്കൗണ്ട് പുനഃസ്ഥാപിച്ചു. മുന്നറിയിപ്പില്ലാതെ അക്കൗണ്ട് മരവിപ്പിച്ചതിന് അമുൽ ട്വിറ്ററിനോട് വിശദീകരണം തേടി. 1966 മുതൽ ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി സ്വതന്ത്ര നിലപാടോടെ ഇത്തരം പ്രചാരണം നടത്തുന്നുണ്ടെന്നും അമുൽ പ്രസ്‌താവനയിൽ അറിയിച്ചു. അതിർത്തി തർക്കത്തെ തുടർന്ന് ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനമുണ്ടായിരുന്നു.